നല്ല സിനിമകള്‍ കാണാന്‍ പ്രേക്ഷകരോട് അപേക്ഷിക്കേണ്ട അവസ്ഥയെന്ന് സുരഭി ലക്ഷ്മി

കോഴിക്കോട് : നല്ല ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകരോട് അപേക്ഷിക്കേണ്ട അവസ്ഥയാണിന്ന് ഉള്ളതെന്ന് ദേശീയ പുരസ്‌ക്കാര ജേതാവും നടിയുമായ സുരഭിലക്ഷ്മി. അവാര്‍ഡ് സിനിമയെന്ന പേരില്‍ ‘മിന്നാമിനുങ്ങി’നെ തഴയുന്ന സാഹചര്യമാണുള്ളതെന്നും സുരഭി കോഴിക്കോട് പറഞ്ഞു. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു നല്ല ചിത്രമാണ് മിന്നാമിനുങ്ങ്.
അവാര്‍ഡ് ചിത്രമെന്ന് കാണിച്ച് പിന്‍തിരിയുന്നവര്‍ ചിത്രം കണ്ട് വിലയിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഉറക്കം പോലും നഷ്ടപ്പെടുത്തി പ്രയാസപ്പെട്ടാണ് തന്റെ കഥാപാത്രത്തെ പൂര്‍ണ്ണമാക്കിയത്. ദേശീയ പുരസ്‌ക്കാരം ലഭിച്ചതോടെ സ്വീകരണവും ആദരവും ലഭിക്കുന്നുണ്ടെങ്കിലും ആരും സിനിമ കണ്ടില്ലെന്നത് ഏറെ ദുഃഖകരമാണന്നും സുരഭി പറഞ്ഞു.
മിന്നാമിനുങ്ങിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രം തിയറ്ററിലെത്തിയത്.