താരപദവിയില്‍ നിന്ന് ജയിലഴിക്കുള്ളിലായവര്‍

കൊച്ചിയില്‍ യുവനടിയെ വാഹനത്തില്‍ അക്രമിച്ച കേസില്‍ ‘ജനപ്രിയ നായകന്‍’ ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ ജയലഴിക്കുള്ളിലായത് കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇഷ്ടതാരത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ പോലും കൈവിട്ട അവസ്ഥയിലാണ് ദിലീപ് ഇപ്പോള്‍.
സിനിമയുടെ താരപ്പകിട്ടില്‍ നിന്ന് ജയലിഴിക്കുള്ളിലെത്തുന്ന ആദ്യവ്യക്തിയൊന്നുമല്ല ദിലീപ്. ഇതിന് മുമ്പും പല പ്രമുഖരും വിവിധ കേസുകളില്‍ പെട്ട് ജയിലഴിക്കുള്ളിലായിട്ടുണ്ട്.

ദിലീപ്

മലയാളസിനിമയിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുനിന്നാണ് ദിലീപ് ജയിലഴിക്കുള്ളിലെത്തിയത്. സഹപ്രവര്‍ത്തകയും നടിയുമായ യുവതിയെ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കാന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നതാണ് ദിലീപിനെതിരെയുള്ള കുറ്റാരോപണം. ഗൂഢാലോചന, കൂട്ട ബലാല്‍സംഗം, തട്ടിക്കൊണ്ടുപ്പോകല്‍ എന്നിയവയാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

ഷൈന്‍ ടോം ചാക്കോ

ശ്രദ്ധേയവേഷങ്ങള്‍ ചെയ്ത് മലയാള സിനിമാമേഖലയില്‍ ചുവടുറപ്പിച്ച് തുടങ്ങുന്ന സമയത്താണ് നടന്‍ ഷൈന്‍ ടോം ചാക്കോയേ 2015ല്ഡ മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
പരുക്കന്‍ മുഖം, ഏത് റേഞ്ചിലും അഭിനയിക്കാനുള്ള കഴിവ്, വില്ലനാകാനും നായകനാകാനും കൊമേഡിയനാകാനും വൈഭവമുള്ള പ്രതിഭ – ഷൈന്‍ ടോം ചാക്കോ വേറിട്ടുനിന്നത് അങ്ങനെയാണ്. കൊക്കെയിന്‍ കേസില്‍ അകപ്പെട്ട് ഷൈന്‍ അറസ്റ്റിലായപ്പോള്‍ മലയാളികള്‍ ഞെട്ടിയതും വേദനിച്ചതും അതുകൊണ്ടുകൂടിയാണ്.

ശാലുമേനോന്‍

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ള നടിയാണ് ശാലുമേനോന്‍. സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാക്കിയായിരുന്നു ശാലു മേനോന്റെ അറസ്റ്റ്.
ശാലുമേനോനും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശി റാസിഖ് അലി നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.
ബിജുരാധാകൃഷ്ണനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതും തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുക്കാന്‍ അവസരമൊരുക്കിയതും ശാലൂമേനോനാണെന്ന് പരാതിയില്‍ പറയുന്നു.
ഒളിവില്‍ കഴിയുന്ന സമയത്ത് ബിജുരാധാകൃഷ്ണന്‍ ഉപയോഗിച്ചത് ശാലൂമേനോന്റെ മൊബൈല്‍ ഫോണാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലും കേസെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിരുന്നില്ല.

 

ശ്രീജിത്ത് രവി

സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലായിരുന്നു നടന്‍ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. ചൈല്‍ഡ്‌ലൈനും ഒറ്റപ്പാലം പൊലീസും ചേര്‍ന്ന് പരാതിക്കാരായ സ്‌കൂള്‍കുട്ടികളില്‍ നിന്ന് മൊഴിയെടുത്തിരുന്നു. അതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരമാണ് ശ്രീജിത്ത് ് രവിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നു സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ച അദ്ദേഹം പുറത്തിറങ്ങി.

2016 ആഗ്സ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവം കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

 

ധന്യ മേരി വര്‍ഗ്ഗീസ്

ഫ്ളാറ്റ് തട്ടിപ്പ് കേസിലാണ് നടി ധന്യ മേരി വര്‍ഗ്ഗീസിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ധന്യയുടെ ഭര്‍ത്താവ് ജോണ്‍, ഭര്‍തൃ സഹോദരന്‍ സാമുവല്‍ എന്നിവരും കസ്റ്റഡിയിലെടുത്തിരുന്നു.്. ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് കോടി കണക്കിന് രൂപ പലരില്‍ നിന്നായി തട്ടിയെടുത്തെന്ന കേസിലാണ് ഇവര്‍ പിടിയിലായത്.

2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന പേരില്‍ ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് എണ്‍പതോളം പേരില്‍നിന്നായി കോടി കണക്കിന് രൂപ വാങ്ങിയെന്നായിരുന്നു കേസ്. ധന്യയുടെ ഭര്‍ത്താവ് ജോണ്‍, ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഡവലപ്പേഴ്സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് കേസ്. ഈ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു ധന്യ മേരി വര്‍ഗ്ഗീസ്.

2014ല്‍ പണി പൂര്‍ത്തിയാക്കി നല്‍കാമെന്നായിരുന്നു ഇവര്‍ നല്‍കിയിരുന്ന വാഗ്ദാനം. എന്നാല്‍ പറഞ്ഞ സമയത്ത് ഫ്ളാറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പണം നല്‍കിയ 80ഓളം പേര്‍ പോലീസിനെ സമീപിച്ചത്. തിരുവനന്തപുരത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസും അറസ്റ്റും.

വിജയകുമാര്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശികളില്‍ നിന്ന് എട്ടുലക്ഷത്തോളം രൂപതട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ വ്യക്തിയാണ് നടനും സിനിമ പ്രൊഡ്യൂസറുമായ വിജയകുമാര്‍. കളമശ്ശേരി പൊലീസാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ബീമാപള്ളിക്കു സമീപം ലൂക്കോസ് ഡിക്രൂസില്‍ നിന്ന് അമേരിക്കയില്‍ ജോലി നല്കാമെന്നു പറഞ്ഞ് മൂന്നര ലക്ഷം രൂപയും, ലണ്ടനില്‍ ജോലി വാഗ്ദാനം ചെയ്ത് മുരളീധരന്‍ എന്നയാളില്‍ നിന്ന് 4.19 ലക്ഷം രൂപയും വിജയകുമാര്‍ വാങ്ങിയിരുന്നു.

ലൂക്കോസ് ഡിക്രൂസില്‍ നിന്ന് 2007 ജൂണിലും മുരളീധരനില്‍ നിന്ന് 2008 ഏപ്രിലിലുമാണ് വിജയകുമാര്‍ പണം തട്ടിയെടുത്തത്. പറഞ്ഞ സമയത്ത് വിസയോ പണമോ നല്‍കാതിരുന്നപ്പോള്‍ ഇരുവരും കളമശ്ശേരി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ബൈജു എന്ന ബി. സന്തോഷ്‌കുമാര്‍


2005 ലാണ് നടന്‍ ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യവസായി തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലായിരുന്നു അദ്ദേഹത്തെ അന്ന് അറസ്റ്റ് ചെയ്തത്. ബൈജുവിന്റെ തോക്കും അന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.