സെന്‍കുമാറിനെ നിയമിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം

കൊച്ചി : കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ നിയമിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ കത്തിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പുതിയ നിയമനം നടത്തണമെന്നാവശ്യപ്പെടുന്ന കത്താണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പുതിയ നിയമനം നടത്താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും നിയമന കാര്യത്തില്‍ അഭിപ്രായവും വിയോജിപ്പും അറിയിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റി. ടി.പി. സെന്‍കുമാറിനെയും മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തെയും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗങ്ങളായി നിയമിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സമിതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സതീഷ് എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

സെന്‍കുമാര്‍ സര്‍ക്കാരിന് അനഭിമതനായതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സമിതി നിര്‍ദേശിച്ച പേരുകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.