ദിലീപ് നടിയെ ആക്രമിക്കുമെന്ന് സൂപ്പര്‍സ്റ്റാറുകള്‍ക്ക് അറിയാമായിരുന്നു, വമ്പന്‍മാരേ ചോദ്യം ചെയ്യും

നടിയെ ആക്രമിക്കാൻ ദിലീപ് പദ്ധതി ഇട്ടിരുന്ന വിവരം സിനിമയിലെ വമ്പന്മാർക്ക് അറിയാമായിരുന്നെന്ന് പൊലീസ്. ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്ന പ്രമുഖ താരങ്ങളെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യേണ്ട അഭിനേതാക്കളടക്കമുളളവരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കിയതായാണ് ലഭിക്കുന്ന വിവരം.

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ വളരെ നാളായി വിരോധത്തിലായിരുന്നു. ഏതെങ്കിലും തരത്തിൽ നടിയെ ദിലീപ് ഉപദ്രവിക്കുമെന്ന് സിനിമാ ലോകത്തെ പ്രമുഖർക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഇവരിൽ നിന്നും നിർണായകമായ പല വിവരങ്ങളും ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അതേസമയം, താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയും നടനുമായ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്‌തു. ആലുവ പൊലീസ് ക്ളബ്ബിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ‘അമ്മ’യുടെ താരനിശകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് പിന്നീട് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതു സംബന്ധിച്ച രേഖകൾ എല്ലാം അന്വേഷണ സംഘത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.