പണിതീരാത്ത ഫ്‌ളാറ്റ് നല്‍കി വഞ്ചിച്ചു: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയിന്‍ ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി കാക്കനാട്ടെ എട്ടേക്കര്‍ സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെ് പറഞ്ഞ് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ഫ്‌ളാറ്റുകള്‍ നല്‍കി ഉപഭോക്താക്കളെ വഞ്ചിച്ച സംഭവത്തില്‍ അനേ്വഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കാക്കനാട് ജെയിന്‍ ടഫ്‌നെല്‍ ഗാര്‍ഡന്‍സില്‍ നടന്ന വഞ്ചനയെകുറിച്ച് എറണാകുളം ജില്ലാ പോലീസ് മേധാവി അനേ്വഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു.

എതിര്‍കക്ഷിയായ ജയിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും മറുപടി രേഖാമൂലം സമര്‍പ്പിക്കണം.കുടിവെള്ളവും വൈദ്യുതിയും ലഭിക്കാതെ മെട്രോനഗരത്തിന്റെ ഒരറ്റത്ത് കുറെയധികം കുടുംബങ്ങള്‍ നരകയാതന അനുഭവിക്കുകയാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.  ഉന്നതനിലവാരത്തിലുള്ള ഫ്‌ളാറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞ് കോടി കണക്കിന് രൂപയാണ് എതിര്‍കക്ഷികള്‍ നിരപരാധികളായ ഭവനരഹിതരില്‍ നിന്നും ഈടാക്കിയത്.  തുക കൈക്കലാക്കിയ ശേഷം ഉപഭോക്താക്കളെ കമ്പനി പൂര്‍ണമായി വഞ്ചിച്ചു.  ഫ്‌ളാറ്റ് നിര്‍മ്മാണം പകുതിവഴിയില്‍ ഉപേക്ഷിച്ചു.  നിര്‍മ്മാണം പൂര്‍ത്തിയായ ഫ്‌ളാറ്റുകളില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള ആവശ്യവസ്തുക്കള്‍ നല്‍കിയില്ല.  പദ്ധതിയുടെ സിംഹഭാഗവും പൂര്‍ത്തിയാകാത്ത അവസ്ഥയിലാണുള്ളത്.

ഫ്‌ളാറ്റിന്റെ വിലയില്‍ തൊണ്ണൂറ് ശതമാനവും ഈടാക്കി കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനെതിരെ ഉപഭോക്താക്കള്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അത് കേട്ടില്ലെന്ന് നടിക്കുകയാണ് കമ്പനി. ഭൂരിപക്ഷം പേരും വായ്പയെടുത്താണ് ഫ്‌ളാറ്റ് വാങ്ങിയത്.  തുക തിരിച്ചടക്കാനാവാതെ ഇവര്‍ ബുദ്ധിമുട്ടുകയാണെന്നും കുടിവെള്ളം പോലും പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഫ്‌ളാറ്റ് നിവാസികളെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.നിര്‍മ്മാണകമ്പനിയുടെ നടപടി ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നും അവര്‍ ഭവനരഹിതരെ വഞ്ചിക്കുകയായിരുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 2008 ലാണ് കമ്പനി 152 യൂണിറ്റുകളുടെ നിര്‍മ്മാണം തുടങ്ങിയത്.  മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമൊയിരുന്നു വാഗ്ദാനം.

പദ്ധതി പ്രദേശത്തുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് പരാതിയില്‍ പറയുന്നു.  ജല അതോറിറ്റിയുടെ കണക്ഷന്‍ പോലും ഫ്‌ളാറ്റുകളില്‍ ഇല്ല.  വൈദ്യുതി ബോര്‍ഡ് കണക്ഷനും നല്‍കിയിട്ടില്ല.  മാലിന്യം സംസ്‌ക്കരിക്കാനുള്ള സംവിധാനവും ലഭ്യമാക്കിയിട്ടില്ല.  കാക്കനാട് ജയിന്‍ ടഫ്‌നല്‍ ഗാര്‍ഡന്‍സിലെ താമസക്കാരായ ആറ്‌പേര്‍ ചേര്‍ന്നു നല്‍കിയ പരാതിയിലാണ് നടപടി.