ഫേസ്ബുക്കില്‍ വിമര്‍ശിക്കരുത്; പണിതെറിക്കും; കെ.എസ്.ആര്‍.ടി.സിയില്‍ വിവാദ സര്‍ക്കുലര്‍

കെഎസ്ആര്‍ടിസി താഴെത്തട്ടില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ പ്രതിഷേധങ്ങള്‍ക്കും, പ്രതികരണങ്ങള്‍ക്കും തടയിടാന്‍ മാനേജ്‌മെന്റ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദത്തിലേക്ക്. മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, മറ്റു മന്ത്രിമാര്‍, ജനപ്രിതിധികള്‍, കെഎസ്ആര്‍ടിസിയില്‍ മറ്റുഅധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവരെ ദൃശ്യ-ശ്രവ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുതുമായി ബന്ധപ്പെട്ടാണ് സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നത്.

കെഎസ്ആര്‍ടിസി കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയരക്ടര്‍ ഒപ്പിട്ട് ജൂലായ് നാലിനാണ് ഇത്തരത്തില്‍ ഒരു സര്‍ക്കുലര്‍ സംസ്ഥാന തലത്തില്‍ എല്ലാ സെക്ഷന്‍ ഓഫീസുകളിലേക്കും അയച്ചുകൊടുത്തത്. പുതിയതായി നടപ്പിലാക്കിയ ഡ്യൂട്ടി പരിഷ്‌ക്കരണത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു സര്‍ക്കുലര്‍ മാനേജ്‌മെന്റ് ഇറക്കിയിരിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മാനേജ്‌മെന്റ് നിര്‍ദ്ദേശങ്ങള്‍ പോലും കാറ്റില്‍പ്പറത്തിയാണ് ഡിപ്പോ അധികാരികള്‍ പല ഡിപ്പോകളിലും ഡ്യൂട്ടി നിശ്ചയിക്കുന്നതെന്ന് തൊഴിലാളികള്‍ ആക്ഷേപമുന്നയിച്ചിരുന്നു.

ഇത്തരത്തില്‍്‌പ്പെട്ട സംഭവങ്ങളെ വിമര്‍ശിക്കുകയും, അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ പോസ്റ്റുകളും, പ്രസ്താവനകളും മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടതായി സര്‍ക്കുലറില്‍ പറയുന്നു. ഇങ്ങനെ ചെയ്യുന്നത് ജോലിയിലുള്ള ചട്ടലംഘനമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ശിക്ഷ ലഭിക്കുമെന്നും,അച്ചടക്ക നടപടിയെടുക്കുമെന്ന ഭീഷണിയോടെയുമാണ് സര്‍ക്കുലര്‍ അവസാനിപ്പിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയടക്കം മന്ത്രിമാരെ വിമര്‍ശിക്കുന്നത് ശരിയായ കീഴ്‌വഴക്കമായി കാണാന്‍ കഴിയില്ലെങ്കിലും അതില്‍ ട്രേഡ് യൂണിയന്‍ നേതാക്കളെ കൂടി ഉള്‍പ്പെടുത്തിയത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആക്ഷേപം. ചീഫ് ഓഫിസുകളിലെ സെക്ഷനുകള്‍, യൂണിറ്റ് അധികാരികള്‍,വിജിലന്‍സ് ഓഫീസര്‍, സ്‌ക്വാഡ് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കുകൂടിയുള്ള കോപ്പിയോടുകൂടിയാണ് സര്‍ക്കുലര്‍ അയച്ചുകൊടുത്തിരിക്കുന്നത്. ഏതായാലും സര്‍ക്കുലര്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.