ഹൃദയമുള്ളവരേ, ഋതുവിന് വേണ്ടി കനിയുക; ഒരു ഗ്രാമം മുഴുവന്‍ പ്രാര്‍ത്ഥനയില്‍

പാലക്കാട്: ഒരു വൃക്കയുമായി ജനിച്ച ഋതുല്‍ എന്ന നാലരവയസുകാരന്‍ ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ കനിവ് തേടുന്നു. ഋതുലിനുവേണ്ടിയുള്ള പ്രാര്‍ഥനയിലും പരിശ്രമത്തിലുമാണ് ഒരു ഗ്രാമം. മുഴുവന്‍. കൊല്ലങ്കോട് പഞ്ചായത്തിലെ ചെങ്കംപൊറ്റ നിവാസികളായ രാഹുല്‍-നിഷ ദമ്പതികളുടെ മകനാണ് സുമനസുകളുടെ കനിവ് കാത്ത് കഴിയുന്നത്.

ഋതുലിന് ജനിക്കുമ്പോള്‍ തന്നെ ഒരു വൃക്കയേ ഉണ്ടായിരുന്നുള്ളു. ഇതിന്റെ പ്രവര്‍ത്തനവും തകരാറിലായതോടെ ഈ ബാല്യം കാക്കുന്നതിനുവേണ്ടി കണ്ണീരുമായി പ്രാര്‍ഥിക്കുകയാണ് ഇവിടുത്തുകാര്‍. വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വൃക്ക നല്‍കാന്‍ ഋതുലിന്റെ അമ്മ നിഷ തയ്യാറാണ്. പക്ഷേ, വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ രാഹുലിന് സ്വരുകൂട്ടാവുന്നതിലും എത്രയോ അധികം തുകയാണ് ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും വേണ്ടത്. പുഞ്ചിരി തൂകുന്ന മകന്റെ ജീവനുവേണ്ടി കൂലിതൊഴിലാളിയായ രാഹുലിന്റെ പ്രയത്നം ഒന്നുമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് ഒരു ഗ്രാമം മുഴുവന്‍ രംഗത്തെത്തിയത്.

ആവശ്യമായ 22 ലക്ഷത്തിലധികം രൂപയുടെ പത്തുശതമാനം പോലും ഇതുവരെയും സമാഹരിക്കാനായില്ല. രണ്ടുമാസത്തിനകം ശസ്ത്രക്രിയ നടത്തണമെന്നാണ് ജൂലൈ ആദ്യവാരം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ദിനംതോറും ആരോഗ്യസ്ഥിതി ക്ഷയിച്ചുവരുന്നതിനാല്‍ ശസ്ത്രക്രിയ എത്രയും വേഗംവേണം. ഒരു പനിപോലും വരാതെ കാത്തുസൂക്ഷിക്കുന്ന ഋതുലിനായി നാട്ടുകാര്‍ ചേര്‍ന്ന് ഋതുല്‍ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.

എം പിയും എം എല്‍ എയും കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരെയും ഉള്‍ക്കൊള്ളിച്ചതാണ് സമിതി. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ് ചെയര്‍പേഴ്സണും വി ബാബു കണ്‍വീനറുമാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കൊല്ലങ്കോട് ശാഖയില്‍ അക്കൗണ്ട് തുറന്നു. നമ്പര്‍: 4296 0001 0009 8876. ഐ.എഫ്.എസ്.സി കോഡ്: പിയുഎന്‍ബി 0429600.
പത്രസമ്മേളനത്തില്‍ ഋതുലും മാതാപിതാക്കളും എ സാദിഖ്, ആര്‍ സഹദേവന്‍, പി മോഹന്‍ദാസ്, വി സുധീഷ്, എം അമ്യതദാസ് എന്നിവരും പങ്കെടുത്തു.