സുധീരനെ കയറൂരി വിടാനാകില്ലെന്ന് കോണ്‍ഗ്രസും മുന്നണിയും

സുധീരനെതിരെ യു.ഡി.എഫില്‍ പടയൊരുക്കം

സഹകരണ ബാങ്ക് സമര വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ യു.ഡി.എഫുമായി തുറന്ന പോരിന്. എല്‍.ഡി.എഫുമായിച്ചേര്‍ന്ന് സഹകരണ ബാങ്ക് സമര പ്രശ്‌നത്തില്‍ കേന്ദ്രത്തിനെതിരെ സംയുക്ത സമരം നടത്തുമെന്ന് പറഞ്ഞ യു.ഡി.എഫ് ഇതോടെ പ്രതിസന്ധിയിലായി.
സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വഭാവം ആണെന്നും, കോണ്‍ഗ്രസിന്റെ നേത്രത്വത്തിലുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ തകര്‍ക്കുകയും അവയെ കൂട്ടിച്ചേര്‍ത്ത് കേരള ബാങ്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മിനോട് ചേര്‍ന്ന് ഒരുകാരണവശാലും സമരത്തിനില്ലെന്ന് സുധീരന്‍ തറപ്പിച്ച് പറയുന്നു.
സഹകരണ സമരത്തില്‍ സഹകരണമാകാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫിലെ മറ്റ് നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് അറിയിച്ചിരുന്നു. ഇതൊന്നും കെ.പി.സി.സി അധ്യക്ഷന്റെ അറിവോടെയും സമ്മതത്തോടയും അല്ലെന്ന് പരോക്ഷമായി പറിയുകയാണ് വി.എം.സുധീരന്‍ ചെയ്തത്.
കോണ്‍ഗ്രസിനുള്ളിലെ പ്രതിപക്ഷ നേതാവാകാന്‍ ശ്രമിക്കുന്ന സുധീരന്‍ മുമ്പും സമാനരീതിയില്‍ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കെ.ബാബു, കെ.എം.മാണി എന്നിവര്‍ക്കെതിരെ ബാര്‍കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ പ്രതിരോധത്തിലായ പാര്‍ട്ടിയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച് പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു.
നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റ് വിഭജന സമയത്ത് അഴിമതി ആരോപണം നേരിട്ട ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥര്‍ക്ക് സീറ്റ് നല്‍കാനാകില്ലെന്ന് പറഞ്ഞ് അഴിമതി വിരുദ്ധനെന്ന പരിവേഷം നേടാന്‍ നോക്കിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ ആരോപിക്കുന്നു. ഒടുവില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് പ്രശ്‌നപരിഹാരം നടത്തിയത്. യു.ഡി.എഫിലെ ഒറ്റയാനാകാനും പൊതുജന -മാധ്യമ ശ്രദ്ധ തന്നിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്ന സുധീരനെതിരെയുള്ള അമര്‍ഷം പലവട്ടം മറനീക്കി പുറത്തുവന്നതാണ് .
കറന്‍സി, സഹകരണ ബാങ്ക് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ശക്തമായ സമരം നടത്തണമെന്നും ഇക്കാര്യത്തില്‍ കഴിയാവുന്ന അരുമായും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും യു.ഡി.എഫ് യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്.
ഈ നിലപാടാണ് നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍ യോഗത്തില്‍ സുധീരന്‍ പങ്കെടുത്തിരുന്നില്ല. യോഗതീരുമാനത്തെക്കുറിച്ച് അറിയില്ലെന്നുമാണ് സുധീരന്റെ പക്ഷം.
ബി.ജെ.പി ക്കെതിരെയുള്ള സമരമായതിനാല്‍ മുസ്ലിം ലീഗിന് പ്രത്യേക താല്‍പ്പര്യം ഉണ്ട്. ലീഗ് മുന്‍കൈയ്യെടുത്താണ് സംയുക്ത സമരം എന്ന നിര്‍ദശം മുന്നോട്ട് വെച്ചത്.
അതുകൊണ്ട് തന്നെ ലീഗ് സുധീരനെതിരെ തിരിയുമെന്നാണ് സുധീരന്‍ വിരുദ്ധപക്ഷം പ്രതീക്ഷിക്കുന്നത്. പൊതുവിഷയങ്ങളില്‍ ഒരുമിച്ച് സമരമാകാമെന്ന് ലീഗ് സെക്രട്ടറി കെ.പി.എ മജീദ് തുറന്നടിക്കുകയും ചെയ്തിരുന്നു

സംയുക്ത പോരാട്ടത്തിന് യു.ഡി.എഫ് തയാറായിട്ടും റിസര്‍ ബാങ്കിനു മുന്നില്‍ സമരം നടത്തി എല്‍.ഡി.എഫ് രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചുവെന്ന് യു ഡി എഫ് നേതാക്കള്‍ അടക്കം പറയുന്നു.
21ാം തീയതി യു.ഡി.എഫ് യോഗം ചേര്‍ന്ന് സഹകരണ വിഷയത്തില്‍ സമരം എങ്ങനെ മുന്നോട്ട് കൊണ്ട്‌പോകണമെന്ന് തീരുമാനിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
വരും ദിവസങ്ങളില്‍ സഹകരണ വിഷയത്തില്‍ കേന്ദ്രത്തിനെതിരെയുള്ള നിലപാട് തീരുമാനിക്കാന്‍ സര്‍വ്വകക്ഷിയോഗം നടക്കും. തുടര്‍ന്ന് പ്രത്യേക നിയമസഭാസമ്മേളനം അടക്കമുള്ള നടപികളുമായി മുന്നോട്ട്. പോകാനാണ് യു.ഡി.എഫ് തീരുമാനം