ബലമായി ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് വീട്ടമ്മ കടിച്ച് മുറിച്ചെടുത്തു

ബലമായി ചുംബിക്കാനും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ച യുവാവിന്റെ നാവ് വീട്ടമ്മ കടിച്ചെടുത്തു.  കടിച്ചെടുത്ത നാവുമായി പിറ്റേന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് വീട്ടമ്മയുടെ അയല്‍വാസിയായ ഞാറയ്ക്കല്‍ മൂരിപ്പറമ്പില്‍ ഗോപാലന്റെ മകന്‍ രാഗേഷ് (30) നെ ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

വൈപ്പിന്‍ ഞാറയ്ക്കലില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കടന്ന് വീട്ടമ്മയെ പിന്നില്‍ നിന്ന് ചുറ്റിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വീട്ടമ്മ യുവാവിന്റെ നാവ് കടിച്ചെടുത്തത്. വേദനകൊണ്ട് പുളഞ്ഞ യുവാവ് പിടിവിട്ട് ഇരുട്ടില്‍ ഓടി മറയുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.

വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ നിന്ന് എസ്.ഐ ആര്‍ രഞ്ജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. അത്താഴം കഴിച്ച പാത്രങ്ങള്‍ കഴുകാന്‍ പോകുന്നതിനിടെയാണ് വീട്ടമ്മയെ ഇയാള്‍ പെട്ടെന്ന് പിന്നില്‍ നിന്നും കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തത്. ആളാരാണെന്ന് വ്യക്തമാകുന്നതിന് മുമ്പ് എതിരാളിയുടെ നാക്ക് വീട്ടമ്മ കടിച്ചുമുറിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.