ജി.എസ്.ടി വില്ലനായോ: നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നു

ജി എസ് ടി പ്രാബല്യത്തില്‍ വന്ന ശേഷം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചു. നേരത്തെ നികുതി ഇല്ലാതിരുന്ന പല ഇനങ്ങള്‍ക്കും നികുതി ബാധകമായതോടെയാണ് വില വര്‍ധന. ബ്രാന്‍ഡഡ് ഇനങ്ങളാണ് മുഖ്യമായും വില വര്‍ധിച്ചത്

ജിഎസ്ടി പ്രകാരം അരി, ആട്ട, മൈദ, റവ തുടങ്ങിയവക്ക് നികുതിയില്ലെങ്കിലും ബ്രാന്‍ഡഡ് ഇനങ്ങള്‍ക്ക് 5 ശതമാനം നികുതി നല്‍കണം. ഇതുമൂലം, മലയാളികള്‍ പൊതുവെ ഉപയോഗിക്കുന്ന ബ്രാന്‍ഡുകള്‍ക്കെല്ലാം കിലോക്ക് 2 മുതല്‍ മൂന്ന് രൂപ വരെ വില വര്‍ധിച്ചിട്ടുണ്ട്. മൈദക്ക് ഒന്നര രൂപയും വര്‍ധിച്ചു. പാക്ക് ചെയ്തുവരുന്ന അരിപ്പൊടി, പുട്ടുപൊടി തുടങ്ങിയവക്കും 5 ശതമാനം നികുതി ബാധകമാക്കി.

ആനുപാതികമായി രണ്ടര രൂപ വരെ കൂടി. മല്ലിക്കും മുളകിനും കിലോക്ക് നാലു രൂപ വരെ കൂടി. സോയാബീന്‍, നെയ്യ് എന്നിവക്ക് 12 ശതമാനമാണ് പുതിയ നികുതി. 8 രൂപവരെയാണ് സോയാബീന് വില വര്‍ധിച്ചത്. ഭക്ഷ്യ എണ്ണയാണ് വില കൂടിയ മറ്റൊരിനം. നേരത്തെ നികുതിയില്ലാതിരുന്നിടത്ത് ഇപ്പോള്‍ 5 ശതമാനം നികുതി കൂടി നല്‍കണം.

ഉഴുന്ന്, പരിപ്പ് തുടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ക്കാണ് ജി എസ് ടി മൂലം വില കുറഞ്ഞത്. നേരത്തെ ഒരു ശതമാനം നികുതിയുണ്ടായിരുന്നത് ഇപ്പോള്‍ ഒഴിവാക്കി. എന്നാല്‍ സീസണ്‍ ആയതോടെ വിപണിയില്‍ ലഭ്യത കൂടിയതാണ് പയര്‍വര്‍ഗങ്ങളുടെ വില കുത്തനെ കുറയാന്‍ സഹായകമായത്.

ശര്‍ക്കരക്കുണ്ടായിരുന്ന ഒരു ശതമാനം നികുതിയും ഒഴിവായിട്ടുണ്ട്. ജി എസ് ടി യുടെ ഗുണദോഷങ്ങള്‍ പൂര്‍ണമായും പ്രതിഫലിക്കാന്‍ ഇനിയും രണ്ടുമാസമെങ്കിലുമെടുക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.