’കായംകുളം കൊച്ചുണ്ണി’യായി കിടിലൻ മേക്കോവറിൽ നിവിൻ പോളി

നിവിൻ പോളിയുടെ പുതിയ മേക്കോവർ കണ്ടാൽ ആരും ഒന്നമ്പരക്കും. ഇതാരാ കായംകുളം കൊച്ചുണ്ണിയോ എന്ന് അറിയാതെയെങ്കിലും ചോദിച്ചുപോകും. ശരിയാണ് പ്രേക്ഷകരുടെ ഇഷ്ടം നേടാൻ കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളിയെത്തുന്നു. സംവിധായകൻ റോഷൻ ആന്‍ഡ്രൂസാണ് നിവിനെ നായകനാക്കി ബിഗ് ബജറ്റിൽ ’കായംകുളം കൊച്ചുണ്ണി’ ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകൻ പുറത്തിറക്കിയത്. കൊച്ചുണ്ണിയുടെ വേഷപകര്‍ച്ചയിലുള്ള നിവിന്റെ ഗ്രാഫിക്സ് ചിത്രമാണ് ആരാധകർക്കായി പുറത്തുവിട്ടത്.

കള്ളനാകുന്നതിന് മുമ്പുള്ള കൊച്ചുണ്ണിയുടെ ജീവിതവും പ്രണയവുമാണ് സിനിമയിൽ. ’മോസ്റ്റ് ഡെയിഞ്ചറസ് മാന്‍’ എന്ന സബ് ടൈറ്റിലോടെയാണ് ചിത്രം പുറത്തിറങ്ങുക. ചിത്രത്തിൽ അമല പോളാണ് നായിക. സഞ്ജയും ബോബിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. എറണാകുളം, ഉഡുപ്പി, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രീകരണം.