​ഏഷ്യൻ സൂപ്പർ മിഡ്​ൽവെയ്​റ്റിൽ വിജേന്ദർ സിങ്ങിന്​ ഇരട്ടക്കിരീടം

ചൈനയുടെ മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ വിജേന്ദര്‍ സിങ് വിജയശ്രീലാളിതനായി. മുംബൈ വര്‍ളിയിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ആറരയ്ക്കായിരുന്നു മത്സരം നടന്നത്. വാശിയേറിയ മത്സരത്തില്‍ 96-93, 95-94, 95-94 എന്നിങ്ങനെയാണ് വിജേന്ദറിന് ലഭിച്ച സ്‌കോര്‍.

ജയത്തോടെ, ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യനായ വിജേന്ദര്‍, മെയ്തിയാലിയുടെ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടവും സ്വന്തമാക്കി.

റിംഗിലെ പോരാട്ടത്തിന് മുന്‍പ് തന്നെ ഇരുതാരങ്ങളും തമ്മിലുള്ള വാക്‌പോര് തുടങ്ങിയിരുന്നു. ചൈനക്കാര്‍ ആരെന്ന് കാണിച്ചുതരാം എന്ന മെയിതിയാലിയുടെ വെല്ലുവിളിക്ക് ‘ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധികം ആയുസില്ലെ’ന്നായിരുന്നു വിജേന്ദര്‍ നല്‍കിയ മറുപടി. എട്ട് വയസിന് ഇളയതാണെങ്കിലും വിജേന്ദറിനേക്കാള്‍ ഒരു മത്സരം അധികം കളിച്ചിട്ടുള്ള താരമാണ് മെയ്തിയാലി.

2015 ഒക്ടോബറിലാണ് വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്‌സിംഗിലേക്ക് കടന്നത്. അതിന് ശേഷം എട്ട് മത്സരങ്ങള്‍ കളിച്ചു. എല്ലാം വിജയിച്ചു. ഇതില്‍ ഏഴിലും നോക്കൗണ്ട് വിജയങ്ങള്‍. മെയ്തിയാലി 2015 ഏപ്രിലിലാണ് മത്സരരംഗത്ത് വന്നത്. ഒമ്പത് മത്സരങ്ങളില്‍ എട്ടിലും വിജയം നേടിയപ്പോള്‍ ഒരു മത്സരം സമനിലയിലായി. ഇതില്‍ ആറെണ്ണം നോക്കൗട്ട് വിജയങ്ങള്‍.