പെര്‍ഫ്യൂം കുപ്പികളുടെ അടപ്പില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

വിമാനത്താവളത്തില്‍ നിന്നു പിടികൂടിയ ഗ്രാന്യൂള്‍ രൂപത്തിലുള്ള സ്വര്‍ണം

സ്വര്‍ണം ചെറിയ രൂപത്തിലാക്കി പെര്‍ഫ്യൂം കുപ്പികളുടെ അടപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത് വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടി. കഴിഞ്ഞദിവസം രാവിലെ എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി ഷംസീര്‍ ആണ് 921 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. ഇതിന് 27.12 ലക്ഷം രൂപ വിലയുണ്ട്. ഗ്രീന്‍ചാനലിലൂടെ പുറത്തേക്കു കടക്കാന്‍ ശ്രമിച്ച യാത്രക്കാരന്റെ നീക്കങ്ങളില്‍ സംശയം തോന്നി കസ്റ്റംസ് വിഭാഗം ബാഗ് അഴിച്ചു പരിശോധിച്ചപ്പോഴാണ് എട്ടു പെര്‍ഫ്യൂം കുപ്പികളില്‍ സ്വര്‍ണ ഗ്രാന്യൂളുകള്‍ കണ്ടെത്തിയത്.

പെര്‍ഫ്യൂം കുപ്പികളുടെ അടപ്പിന്റെ മുകള്‍ ഭാഗത്ത് പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഓരോ കുപ്പിയുടെയും അറകളില്‍ നൂറു മുതല്‍ 120 ഗ്രാം വരെ തൂക്കമുള്ള സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്.

കസ്റ്റംസ് അസി. കമ്മിഷണര്‍മാരായ കോശി അലക്‌സ്, ഇ.വി. ശിവരാമന്‍, സൂപ്രണ്ടുമാരായ എ. ഹബീബുള്ള, ലാല്‍ഫി ജോസഫ്, ജെനീഷ് എം. ജോര്‍ജ്, പി.ആര്‍. രാജേഷ്, അജിത് തോസ് മറ്റം, ഇന്‍സ്‌പെക്ടര്‍മാരായ വികേഷ് കുമാര്‍, രാഖി കൃഷ്ണകുമാര്‍, ഷിജോ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വര്‍ണക്കടത്തു പിടികൂടിയത്.ഇക്കഴിഞ്ഞ ജൂണ്‍ 18ന് ഇതേ രീതിയില്‍ കടത്താന്‍ ശ്രമിച്ച 1173 ഗ്രാം സ്വര്‍ണം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയിരുന്നു. സ്വര്‍ണക്കടത്തു വര്‍ധിച്ച പശ്ചാത്തലത്തില്‍ ഷാര്‍ജ, ദുബായ്, കൊളംബോ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ ഇന്റലിജന്‍സ് യൂണിറ്റ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.