മൂന്നാര്‍: പുതിയ സബ് കളക്ടര്‍ ‘പണി’ തുടങ്ങി; വ്യാജ റിപ്പോര്‍ട്ട് നല്‍കിയ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: മൂന്നാറിലെ സി.പി.എം ശക്തികേന്ദ്രത്തില്‍ കൈയേറ്റം ഒഴിപ്പിച്ചതായി വ്യാജ റിപ്പോര്‍ട്ട് നല്‍കിയ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍. ദേവികുളം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.എസ്. ജോസഫിനെയാണ് ഇടുക്കി കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. ദേവികുളം സബ്കളക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.

പാര്‍ട്ടി ശക്തികേന്ദ്രമായ മൂന്നാര്‍ ടൗണില്‍, എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ വീടിന് സമീപമുള്ള സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഒന്നാം തീയതിയാണ് ദേവീകുളം സബ് കളക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ ഉത്തരവിട്ടത്. ഇക്കാനഗറിലെ സി.പി.എം മഹിളാനേതാവ് ജയയാണ് സര്‍ക്കാര്‍ ഭൂമി കൈയേറി വീടുപണിതിരിക്കുന്നത്. തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ തുടങ്ങിയെങ്കിലും പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ എതിര്‍പ്പുമായെത്തി.

തുടര്‍ന്ന് വീട് ഭാഗീഗമായി പൊളിച്ചുനീക്കിയ ശേഷം കൈയേറ്റം പൂര്‍ണ്ണമായി ഒഴിപ്പിച്ചുവെന്ന് സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതില്‍ സംശയം തോന്നിയ സബ് കളക്ടര്‍ നേരിട്ട് അന്വേഷണം നടത്തുകയും, കൈയേറ്റക്കാര്‍ക്ക് അനുകൂലമായി നിലപാട് എടുത്ത തഹസില്‍ദാര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു.