തൃണമൂലുകാര്‍ കാലുമാറി, ത്രിപുരയില്‍ ബി.ജെ.പി പ്രതിപക്ഷം

ത്രിപുരയിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ ആറ് തൃണമൂൽ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. സുദീപ് റോയ് ബർമൻ, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്‌ഹോൾ, ബിശ്വ ബന്ദു സെൻ, പ്രൻജിത് സിംഗ് റോയ്, ദിലീപ് സർക്കാർ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്‌. അഗർത്തലയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ സന്നിഹിതനായ പൊതുചടങ്ങിലാണ് ഇവരുടെ പാർട്ടി മാറ്റം.
പാർട്ടി അദ്ധ്യക്ഷ മമതാ ബാനർജിയുടെ നിർദ്ദേശം മറികടന്ന് എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്‌തതിനാണ് കഴിഞ്ഞ ആഴ്‌ച ഇവരെ പുറത്താക്കിയത്. തുടർന്ന് ഇവരിൽ അഞ്ച് പേർ ശനിയാഴ്‌ച ഡൽഹിയിലെത്തി ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെ കണ്ടിരുന്നു. തുടർന്നാണ് ഇവർ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചത്. ത്രിപുരയിൽ പാർട്ടി നേതൃത്വവുമായി വിഘടിച്ചു നിൽക്കുന്ന ഒരു കോൺഗ്രസ് എം.എൽ.എ കൂടി ബി.ജെ.പിയിൽ ചേരുമെന്നും വിവരമുണ്ട്. 60 അംഗ ത്രിപുര നിയമസഭയിൽ ഇടതുപക്ഷത്തിന് 50ഉം കോൺഗ്രസിന് നാലും സീറ്റുകളാണുള്ളത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയതിന്റെ പേരിൽ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നവരാണ് ഈ ആറ് എം.എൽ.എമാരും. എന്നാൽ സി.പി.എം പിന്തുണയ്‌ക്കുന്ന രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് തങ്ങൾ വോട്ട് ചെയ്യില്ലെന്ന് നിലപാടെടുത്ത ഇവർ രാംനാഥ് കോവിന്ദിനെ പിന്തുണയ്‌ക്കുമെന്നും അറിയിച്ചിരുന്നു. തുടർന്നാണ് ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതായി തൃണമൂൽ ജനറൽ സെക്രട്ടറി പാർത്ഥാ ചാറ്റർജി അറിയിച്ചത്.