‘അക്രമ രാഷ്ട്രീയത്തെ’ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി നേരിട്ടിറങ്ങി; പ്രതിരോധം ദല്‍ഹിയില്‍; ദേശീയ ചാനലിന് അഭിമുഖം; ദേശീയ മാധ്യമങ്ങള്‍ക്ക് പരസ്യം

കേരളത്തിലെ അക്രമരാഷ്ട്രീയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നിനിടെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രംഗത്ത്. കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനും അക്രമത്തിന് ഇരയായവരെ സന്ദര്‍ശിക്കാനും കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലി സംസ്ഥാനത്ത് എത്തിയതോടെയാണ് ദേശീയ മാധ്യമങ്ങള്‍ ഈ വിഷയം കൂടുതല്‍ പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത് തുടങ്ങിയത്.

കൂടാതെ, ദല്‍ഹിയില്‍ ഉള്‍പ്പെടെ ആര്‍.എസ്.എസ് നേതാക്കള്‍ നേരിട്ട് വാര്‍ത്താസമ്മേളനം നടത്തി കേരളത്തിലെ ഇടതുഭരണത്തിനെതിരെ രൂക്ഷമായി രംഗത്ത് വന്നിരുന്നു. പല ദേശീയ മാധ്യമങ്ങളും പ്രത്യേകിച്ച് ബി.ജെ.പി അനുഭാവം പുലര്‍ത്തുന്ന വാര്‍ത്താ ചാനലുകള്‍ കേരളത്തിലെ അക്രമവിഷയങ്ങള്‍ ചര്‍ച്ചക്കെടുത്തിരുന്നു.

ഇന്നലെ ഇറങ്ങിയ ദേശീയ മാധ്യമങ്ങളുടെ ദല്‍ഹി എഡിഷനുകളില്‍ മുഴുപേജ് പരസ്യം നല്‍കിയാണ് ദേശീയ തലത്തില്‍ കേരള സര്‍ക്കാര്‍ പ്രതിരോധം ശക്തമാക്കിയത്. പരസ്യത്തില്‍ അക്രമരാഷ്ട്രീയത്തെപ്പറ്റി പരാമര്‍ശിച്ചില്ലെങ്കിലും അടിസ്ഥാന സൗകര്യം, മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷം എന്നിവ പരാമര്‍ശിച്ച് കേരളം ഒന്നാമതാണെന്നാണ് ചൂണ്ടിക്കാട്ടിയത്.

വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ക്രമസമാധാനപാലനം, ഭവനരഹിതര്‍ക്ക് വീട്, മതസൗഹാര്‍ദ്ദം, അഴിമതി രഹിതം, സാക്ഷരത തുടങ്ങിയ മേഖലകളില്‍ കേരളത്തിന് ഒന്നാംസ്ഥാനം എ്‌നത് വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടത്പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ കമല്‍ഹാസന്‍, ആത്മീയാചാരന്‍ ശ്രീ എം, ജസ്റ്റിസ് കെ.ടി. ജോസഫ് എന്നിവരുടെ പരാമര്‍ശങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017 ലെ എ.ഡി.ബി റിപ്പോര്‍ട്ട് പ്രകാരം വേഗത്തില്‍ വികസിക്കുന്ന കാര്യത്തില്‍ ദല്‍ഹിയെ പിന്തള്ളി കൊച്ചി എത്തിയതും പരസ്യത്തിലുണ്ട്. കേരളം സന്ദര്‍ശിക്കൂ; കേരളത്തില്‍ നിക്ഷേപിക്കു എന്ന വാചകത്തോടെയാണ് പരസ്യം അവസാനിക്കുന്നത്.

ദല്‍ഹിയിലെ ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ പരസ്യമെന്നത് വ്യക്തം. അതേസമയം ഇന്നലെ ഉച്ചകഴിഞ്ഞ് ദേശീയ ചാനലായ എന്‍.ഡി.ടി.വിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവദിച്ച 20 മിനിട്ട് നീണ്ട അഭിമുഖവും ശ്രദ്ധേയമായി. വാര്‍ത്തയ്ക്കിടെ നല്‍കിയ അഭിമുഖത്തില്‍ ചാനല്‍ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ മുന്‍കൂട്ടി നല്‍കിയിരുന്നു. ഇതിന്റെ മറുപടി വായിച്ച മുഖ്യമന്ത്രി അല്ലാതെയുള്ള ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യേക അജണ്ടയാണ് കേരളത്തിന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ നടക്കുന്ന ഇപ്പോഴത്തെ ശ്രമങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള വിഷയം ദേശീയവത്കരിക്കാന്‍ ബി.ജെ.പി ശ്രമം തുടര്‍ന്നാല്‍ അതേനാണയത്തില്‍ പ്രതിരോധമുയര്‍ത്താനാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നീക്കം.