അമ്മയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്; ജയിലില്‍ വികാരനിര്‍ഭര രംഗങ്ങള്‍

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഗൂഢാലോചനാ കേസില്‍ ഒരുമാസമായി ജയിലില്‍ ജാമ്യം നിഷേധിക്കപ്പെട്ടു കഴിയുന്ന ദിലീപിനെ കാണാന്‍ അമ്മ സരോജം എത്തി. ഇരുവരുടേയും കൂടിക്കാഴ്ച വികാര നിര്‍ഭരമായിരുന്നുവെന്നു ജയില്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് െഹെക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റിയതിനു പിന്നാലെയാണു മകനെ കാണാന്‍ അമ്മ ആലുവ സബ്ജയിലില്‍ എത്തിയത്.

അമ്മ സരോജവും ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും തന്നെ കാണാന്‍ ജയിലില്‍ വരരുതെന്ന് ആദ്യം തന്നെ ദിലീപ് ആവശ്യപ്പെട്ടിരുന്നു. റിമാന്‍ഡിലായി ആദ്യ ദിനങ്ങളില്‍ ജയിലില്‍ കാണാനെത്തിയ സഹോദരന്‍ അനൂപിനോടും ഇക്കാര്യം ദിലീപ് അറിയിച്ചിരുന്നു. എന്നാല്‍ ജാമ്യ നടപടികള്‍ െവെകുമെന്ന് മനസിലാക്കിയതോടെ ദിലീപിനെ കാണണമെന്ന് അമ്മ നിര്‍ബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ െവെകിട്ട് മൂന്നരയോടെ ഇളയ മകന്‍ അനൂപാണ് അമ്മയെ ആലുവ സബ് ജയിലില്‍ എത്തിച്ചത്.

അനൂപിനും സരോജത്തിനുമൊപ്പം സഹോദരി ഭര്‍ത്താവ് ശരത്തും എത്തിയിരുന്നു. എന്നാല്‍ ശരത്തിന് ജയിലിലേക്ക് പ്രവേശനം അനുവദിച്ചില്ല. ജയില്‍ സൂപ്രണ്ടിന്റെ മുറിയിലാണു സന്ദര്‍ശനത്തിനു സൗകര്യം ഒരുക്കിയത്. മകനെ കണ്ട സരോജം വിതുമ്പുന്നുണ്ടായിരുന്നുവെന്നാണ് വിവരം. മൂവരും അല്‍പനേരം സംസാരിച്ചതിനുശേഷം അമ്മയും സഹോദരനും പുറത്തുവന്നു. ജുെലെ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. റിമാന്‍ഡ് കാലാവധി രണ്ടുതവണ പൂര്‍ത്തിയായെങ്കിലും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. അഡ്വ. ബി രാമന്‍പിളളയുടെ നേതൃത്വത്തില്‍ വിശദമായ ജാമ്യഹര്‍ജിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ ജൂണ്‍ 24ന് ഹൈക്കോടതി ദിലീപിന്റെ ജാമ്യഹര്‍ജി തളളിയിരുന്നു. കടുത്ത പരാമര്‍ശങ്ങളാണ് ഹര്‍ജി തളളിക്കൊണ്ട് കോടതി നടത്തിയത്. തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞാണ് അഡ്വ. രാംകുമാറിനെ മാറ്റി മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിളള വഴി ദിലീപ് വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയില്‍ എത്തുന്നത്.

ദിലീപിനെ ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ പുതിയ തിയറ്റര്‍ സംഘടനയുടെ ഉദ്ഘാടനത്തിന്റെ തലേന്നാണെന്നും അഡ്വ. ബി രാമന്‍പിളള മുഖേന നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തന്നെ ഇല്ലാതാക്കാന്‍ സിനിമാരംഗത്ത് തന്നെ ഗൂഢാലോചന നടക്കുന്നു. ശക്തരായ ചില ആളുകളാണ് ഇതിന് പിന്നില്‍. ജയിലില്‍ ആയതിനാല്‍ രാമലീല ഉള്‍പ്പെടെയുളള ബിഗ്ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല. അന്‍പത് കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് വ്യക്തമാക്കുന്നു.

വിവാഹമോചനശേഷം മകള്‍ തന്റെ കൂടെ ജീവിക്കുന്നതു തന്റെ സ്വഭാവമഹിമയ്ക്കു തെളിവാണെന്നു ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥയുമായി തന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ക്ക് അടുത്ത ബന്ധമുണ്ട്. സംഭവം നടന്നശേഷം ഗൂഢാലോചനയുണ്ടെന്നു മഞ്ജുവാര്യര്‍ ആരോപിച്ചതു സംശയം ജനിപ്പിക്കുന്നതാണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനു മഞ്ജു വാര്യരുമായും ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനുമായും ബന്ധമുണ്ടെന്ന തന്റെ പരാമര്‍ശം എ.ഡി.ജി.പി: ബി. സന്ധ്യ കാമറ ഓഫാക്കിയതിനാല്‍ പോലീസ് രേഖപ്പെടുത്തിയില്ല.

താന്‍ സംസ്ഥാന ചലച്ചിത്രപുരസ്‌കാരജേതാവും നടനെന്ന നിലയില്‍ നൂറ്റിനാല്‍പതില്‍പരം ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചയാളുമാണ്. നടന്‍ മാത്രമല്ല അറിയപ്പെടുന്ന ചലച്ചിത്ര നിര്‍മാതാവും വിതരണക്കാരനും തിയറ്റര്‍ ഉടമയും കൂടിയാണ്. തികഞ്ഞ മനുഷ്യസ്‌നേഹിയും പരോപകാരിയുമായ തന്നെ ഒറ്റരാത്രികൊണ്ട് ഏറ്റവും മോശക്കാരനായ വില്ലനായി ചിത്രീകരിച്ചതിനു പിന്നില്‍ തന്നെ തോല്‍പ്പിക്കാനും ഇല്ലാതാക്കാനുമുള്ള ചിലരുടെ താല്‍പര്യമുണ്ട്. നെടുമ്പാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴു പേര്‍ക്കെതിരേ അന്തിമറിപ്പോര്‍ട്ട് നല്‍കിയശേഷം മൂന്നുമാസം കഴിഞ്ഞാണു തന്നെ അറസ്റ്റ് ചെയ്തത്. ഇത് ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ മറ്റൊരു തെളിവാണെന്നും ദിലീപ് ആരോപിക്കുന്നു.