ടി.പി. സെന്‍കുമാറിനെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ

അവധിക്കാലയളവിലെ ശമ്പളം കിട്ടാന്‍ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നും അദ്ദേഹത്തിനെതിരേ ക്രിമിനല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നും ഡി.ജി.പി: ലോക്നാഥ് ബെഹ്റയ്ക്കു ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ നിര്‍ദേശം.

സെന്‍കുമാര്‍ എട്ടുമാസം മെഡിക്കല്‍ അവധിയിലായിരുന്നെന്ന വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍നിന്ന് എട്ടുലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നാണു പരാതി. ഇക്കാര്യത്തില്‍ പോലീസ് നടപടി മതിയെന്നായിരുന്നു സംഭവം അന്വേഷിച്ച വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ഇതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ചീഫ് സെക്രട്ടറി തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോടു നിര്‍ദേശിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ നടപടി മുഖ്യമന്ത്രിയുടെ ഓഫീസും ശരിവച്ചു.

വ്യക്തിപരമായ കാര്യങ്ങള്‍ക്കായി അവധിയില്‍ പ്രവേശിച്ച സെന്‍കുമാര്‍ എട്ടുമാസത്തിനുശേഷം മുഴുവന്‍ ശമ്പളത്തോടെ മെഡിക്കല്‍ അവധിക്ക് അപേക്ഷിക്കുകയായിരുന്നു. ഇതിനായി സമര്‍പ്പിച്ച രേഖകള്‍ കൃത്രിമമാണെന്നു വിജിലന്‍സ് കണ്ടെത്തി. പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് ഡിവൈ.എസ്.പി: ബിജുമോന്‍ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ദേശിച്ചു. ഈ റിപ്പോര്‍ട്ട് വിജിലന്‍സിന്റെയും ചുമതല വഹിക്കുന്ന ബെഹ്റ ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസിനു കൈമാറി. ഈ ഫയല്‍ ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്കു കൈമാറിയ പശ്ചാത്തലത്തിലാണ് ക്രിമിനല്‍ നടപടിക്കുള്ള നിര്‍ദേശം.

2016 ജൂണില്‍ പോലീസ് മേധാവി സ്ഥാനമൊഴിഞ്ഞ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ അപേക്ഷയില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കു പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്നാണ് അഭ്യര്‍ഥിച്ചത്. എന്നാല്‍, എട്ടുമാസത്തെ അവധിക്കുശേഷം തിരികെയെത്തിയപ്പോള്‍ താന്‍ ചികിത്സയിലായിരുന്നെന്നാണ് സെന്‍കുമാര്‍ സര്‍ക്കാരിനെ അറിയിച്ചത്.