ആരുമറിയാതെ ഇന്ധനവില കുതിക്കുന്നു; ഒരാഴ്ച്ചയ്ക്കിടെ വര്‍ദ്ധിച്ചത് നാല് രൂപയില്‍ കൂടുതല്‍

തിരുവനന്തപുരം: ഇന്ധനവില കുതിക്കുന്നു; ആരും ശ്രദ്ധിക്കാതെ. അസംസ്‌കൃത എണ്ണവില കുറഞ്ഞുനില്‍ക്കുമ്പോഴും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വില ദിവസവും മാറുന്ന സമ്പ്രദായം നിലവില്‍ വന്നതോടെ വര്‍ധന മുമ്പത്തേതുപോലെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഇത് മുതലാക്കി എണ്ണക്കമ്പനികള്‍ കൊള്ള തുടരുകയാണ്.

പെട്രോള്‍, ഡീസല്‍ വില ദിവസവും മാറുന്ന രീതി ജൂണ്‍ 16നാണ് നിലവില്‍ വന്നത്. ആഗസ്റ്റ് ഒന്നിനുശേഷം പെട്രോള്‍ വില ലിറ്ററിന് നാല് രൂപയിലധികവും ഡീസലിന് മൂന്ന് രൂപയിലധികവും വര്‍ധിച്ചു. മുമ്പ് സമാന വര്‍ധന ദേശീയതലത്തില്‍തന്നെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍പോലും ഇക്കാര്യം വേണ്ടത്ര ശ്രദ്ധിക്കാത്ത അവസ്ഥയാണ്.

അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടും ഇന്ധനവിലയുടെ മറവില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കാന്‍ ഇത് എണ്ണക്കമ്പനികള്‍ക്ക് പ്രേരണയാകുന്നു. ആഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 67.81ഉം ഡീസലിന് 59.32 രൂപയുമായിരുന്നു. ബുധനാഴ്ച ഇത് യഥാക്രമം 70.72 രൂപയും 61.28 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 71.95 ഉം ഡീസലിന് 62.44 രൂപയിലുമെത്തി. 2014 ജൂണില്‍ ബാരലിന് 101 ഡോളര്‍ ആയിരുന്ന അസംസ്‌കൃത എണ്ണക്ക് 51.-52 ഡോളറാണ് ഇപ്പോള്‍ വില. 159 ലിറ്ററാണ് ഒരുബാരല്‍. രൂപയുമായി ഡോളറിന്റെ വിനിമയ നിരക്ക് 64.18 രൂപയാണ്. ഇതനുസരിച്ച് 3273.18 രൂപയാണ് ഒരു ബാരല്‍ അസംസ്‌കൃത എണ്ണയുടെ വില. ഒരുലിറ്ററിന് 20.58 രൂപയോളം. രാജ്യത്ത് എണ്ണ ശുദ്ധീകരണ ചെലവ് താരതമ്യേന കുറവാണെന്നിരിക്കെ നിലവില്‍ ഒരുലിറ്റര്‍ പെട്രോളിന് 67-68 രൂപയില്‍ കൂടുതല്‍ ഈടാക്കേണ്ടതില്ലെന്നാണ് പെട്രോളിയം വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നത്.