റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ അജിത് വരുന്നു; വിവേഗം റിലീസ് 3000 കേന്ദ്രങ്ങളില്‍

തമിഴില്‍ നിന്നും ഹോളിവു‍ഡില്‍ നിന്നുമായി രണ്ട് ചിത്രങ്ങള്‍ നാളെ തീയറ്ററുകളിലെത്തും. അജിത് നായകനായെത്തുന്ന വിവേഗം തമിഴില്‍ നിന്ന് റിലീസിനെത്തുമ്പോള്‍ ഹോളിവുഡില്‍ നിന്നെത്തുന്നത് റയാന്‍ റൈനോള്‍സിന്റെ ദ ഹിറ്റ്മാന്‍സ് ബോഡിഗാര്‍ഡ് ആണ്.

അജിതിന്‍റെ ത്രില്ലര്‍ വിവേഗം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയാന്‍ ഒരുങ്ങിക്കഴിഞ്ഞു.. അജിതിനൊപ്പം വിവേക് ഒബ്‌റോയ്, കാജല്‍ അഗര്‍വാള്‍, അക്ഷര ഹാസന്‍ എന്നിവര്‍ ഒരുമിക്കുന്ന ചിത്രം അഡ്വാന്‍സ് ബുക്കിങ്ങിലും ആധിപത്യം പുലര്‍ത്തുകയാണ്. ലോകത്തെമ്പാടുമുള്ള 3000 തീയറ്ററുകളിലാണ് വ്യാഴാഴ്ച വിവേഗം എത്തുന്നത്.. തമിഴ്നാട്ടിലെ മാത്രം റിലീസ് 800 കേന്ദ്രങ്ങളില്‍. കേരളത്തിലാണെങ്കില്‍ അജിത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസാണ് വിവേഗത്തിനുള്ളത്.

പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം വിതരണത്തിനെടുത്ത ചിത്രം കേരളത്തില്‍ മാത്രം മുന്നൂറിലധികം തീയറ്ററുകളിലാണ് റിലീസ്. ആദ്യദിനം തന്നെ 1000ത്തിലധികം ഷോ നടത്തി കേരളത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് വിതരണക്കാരുടെ ലക്ഷ്യം. രജനീകാന്തിന്റെ കബാലിക്കും എസ് എസ് രാജമൌലിയുടെ ബാഹുബലിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ചിത്രമാകും വിവേഗം. വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്-ശിവ കൂട്ടുകെട്ട് ഒരുമിക്കുന്ന വിവേഗത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

റയാന്‍ റൈനോള്‍സും ഗാരി ഓള്‍ഡ്മാനും ഒരുമിക്കുന്ന ദ ഹിറ്റ്മാന്‍സ് ബോഡിഗാര്‍ഡ് ആക്ഷന്‍ കോമഡി ചിത്രമാണ്. ആജന്മ ശത്രുവിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകുന്ന ബോഡിഗാര്‍ഡിന്‌റെ കഥയാണ് പ്രമേയം. പാട്രിക് ഹഗ്സ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ റിലീസ് ചെയ്തിരുന്നു.