അസാധുവാക്കിയ നോട്ട് സ്വീകരിച്ചില്ല; നവജാത ശിശു മരിച്ചു

പൂനെ: ഹൃദയസംബന്ധമായ അസുഖവുമായി എത്തിയ നവജാത ശിശുവിന് പൂനയിലെ ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പകുതിയെങ്കിലും സ്വീകരിച്ച് ചികിത്സ നല്‍കണമെന്ന കുഞ്ഞിന്റെ ബന്ധുക്കളുടെ അപേക്ഷ കേള്‍ക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. എന്നാല്‍ ഹൃദയ ശസ്ത്രക്രിയയ്ക്കായി കുഞ്ഞിനെ ആദ്യം പ്രവേശിപ്പിച്ച റൂബി ഹാള്‍ ക്ലിനിക്ക് ആരോപണങ്ങള്‍ നിഷേധിച്ചു. തുടര്‍ന്ന് കെ.ഇ.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു.

ചികിത്സയ്ക്ക് മുമ്പ് 3.5 ലക്ഷം രൂപ നല്‍കണമെന്ന് ആശുപത്രി അറിയിച്ചു. നിരോധിച്ച 500, 1000 നോട്ടുകള്‍ അടങ്ങുന്ന ഒരു ലക്ഷം രൂപ ആദ്യം അടയ്ക്കാമെന്നും പകുതി ചെക്കായും കാര്‍ഡായും നല്‍കാമെന്നും പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതുമൂലം ചികിത്സ വൈകിയതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.