സ്റ്റാര്‍ട്ട് ആക്ഷന്‍!! അഭിനയ മോഹമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവസരമിതാ..

-വികാസ് രാജഗോപാല്‍-

അഭിനയമോഹവുമായി കോടമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയതും പൈപ്പ് വെള്ളം കുടിച്ചും കടത്തിണ്ണയില്‍ പട്ടിണി കിടന്നും ചാന്‍സ് തേടി അലഞ്ഞതുമെല്ലാം ഇനി പഴങ്കഥ. വെള്ളിത്തിരയിലെ നക്ഷത്രങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കിനി സ്റ്റാര്‍ട്ട് അപ്പുകളുടെ സ്മാര്‍ട്ടായ പിന്തുണയുണ്ട്.
ബംഗളൂരുവിലുള്ള അഭിഷേക് ശര്‍മ്മ, സാക്ഷാല്‍ മെഴ്‌സിഡസ് ബെന്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ച കഥ അതിശയോക്തിയല്ലാ. മുംബൈ നഗരത്തിലെ വിനോദ രംഗത്ത് പ്രവര്‍ത്തിക്കുന്നത് അഭിഷേകിന് സ്വപ്‌നമായിരുന്നു. പക്ഷേ, പ്രൊഡക്ഷന്‍ ഹൗസുകളില്‍ അഭിഷേക് അവസരം തേടി അലഞ്ഞൊന്നുമില്ലാ. ഓണ്‍ലൈന്‍ റിക്രൂട്ടിംഗ് സ്റ്റാര്‍ട്ട് അപ്പായ ടാലന്റ് ട്രാക്കിന്റെ ഫേസ്ബുക്ക് പരസ്യം കണ്ട് വെറുതെ ഒന്ന് രജിസ്റ്റര്‍ ചെയ്തു. അത്തരമൊരു മുഖമായിരുന്നു ടാലന്റ് ട്രാക്കിന് വേണ്ടിയിരുന്നത്.
അഭിഷേക് ചെയ്തത് വിശദമായി പറഞ്ഞാല്‍ ഇത്രമാത്രം: ടാലന്റ് ട്രാക്കില്‍ പോര്‍ട്ട്‌ഫോളിയോ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തു. പിന്നെ ഒഡീഷന്‍ വീഡിയോയും. കാര്യം സിമ്പിള്‍, നാലാംനാള്‍ വിളിവന്നു.
ടാലന്റ് ട്രാക്ക്, ടാലന്റ് നെക്‌സ്റ്റ് ബോളിവുഡ് താരം സുനില്‍ഷെട്ടിയുടെ നേതൃത്വത്തിലുള്ള F The Couch എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമുകളാണ് വിനോദമേഖലയുമായി ബന്ധപ്പെട്ട് വന്‍അവസരങ്ങളുടെ വാതിലുകള്‍ തുറക്കുന്നത്. അഭിനയം തിരക്കഥ, സംഗീതം, ഛായാഗ്രഹണം എന്നിങ്ങനെ ഏത് മേഖലയിലുള്ളവര്‍ക്കും ഇവിടെ രജിസ്റ്റര്‍ ചെയ്യാം. ഇവിടെ കാര്യങ്ങല്‍ സിംപിളാണ് ഈ പ്ലാറ്റ്‌ഫോമില്‍ ഓരോരുത്തരും സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പ്രത്യേക സാങ്കേതിക വിദ്യയും ആല്‍ഗോരിതവും ഉപയോഗിച്ച് തരംതിരിക്കുന്നു.
ഈ വിവരങ്ങള്‍ കാസ്റ്റിംഗ് നടത്തുന്നവരിലേക്ക് എത്തിക്കുന്നു. ഈ വഴിയല്ലാതെ നിങ്ങള്‍ക്ക് എത്രകഴിവുണ്ടെന്ന് പറഞ്ഞാലും ചിലപ്പോള്‍ ആരും തിരിച്ചറിയണമെന്നുപോലുമില്ല. അല്ലെങ്കില്‍ കൈപിടിച്ചുയര്‍ത്താന്‍ ഒരു ഗോഡ്ഫാദറെങ്കിലും വേണം. ഇങ്ങനെ സാധാരണക്കാരായവര്‍ക്ക് അപ്രാപ്യമായിരുന്ന സ്വപ്‌നമേഖലയിലേക്കാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വഴിതുറക്കുന്നത്. ഈവര്‍ഷം ആദ്യം പ്രവര്‍ത്തനം ആരംഭിച്ച കാനഡയില്‍ നിന്നുള്ള വെന്‍ച്വര്‍ മൂലധനത്തിന്റെ പിന്തുണയുള്ള ടാലന്റ് ട്രാക്കിന് ഒരു ലക്ഷം സൈന്‍ ഇനുകളാണ് ഇതുവരെയുണ്ടാരിക്കുന്നത്. ഒക്ടോബറില്‍ മാത്രം പ്രവര്‍ത്തനം ആരംഭിച്ച എഫ് ദി കൗച്ച് ല്‍ 10,000 സൈന്‍ ഇന്നുകള്‍ ഇപ്പോള്‍തന്നെ കഴിഞ്ഞു. ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ മെട്രോ നഗരങ്ങളില്‍ നിന്നുള്ളവര്‍മാത്രമല്ല. ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉയരം, വണ്ണം, പ്രവര്‍ത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ വിവരങ്ങള്‍ തരംതിരിച്ചുകിട്ടുന്നതിനാല്‍ ഒഡീഷന്‍ നടത്തുന്നവരും ഹാപ്പിയാണ്.
ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രധാനമായും വരുമാനം ലഭിക്കുന്നത് മൂന്ന് മാര്‍ഗ്ഗങ്ങളിലൂടെയാണ് 1. റിക്രൂട്ട് ചെയ്യേണ്ടവര്‍ നല്‍കുന്ന സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്ജുകള്‍, 2. ആര്‍ടിസ്റ്റുകള്‍ നല്‍കുന്ന മെംബര്‍ഷിപ്പ് തുക, 3. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കുന്ന പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം. പെനുസെലേനിയ പിക്‌ചേഴ്‌സ് പോലുള്ള വന്‍കിട ബാനറുകള്‍ വരെ ഇപ്പോള്‍ ഇവര്‍ വഴി റിക്രൂട്ട്‌മെന്റ് നടത്തുന്നു. ടാലന്റ് നെക്‌സ്റ്റ്, അഭിനേതാക്കള്‍ത്തൊട്ട് സാങ്കേതിക വിദഗ്ധര്‍വരെയുള്ള 43 മേഖലകളിലേക്കാണ് അവസരങ്ങള്‍ തുറക്കുന്നത്. പ്രതിദിനം 250 ഫേസ്ബുക്ക് സൈന്‍ ഇന്നുകള്‍ ലഭിക്കുന്നതായി ഇവര്‍ പറയുന്നു. തങ്ങള്‍വഴി ദിവസവും 50 തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു.
സംഗതി അത്ര ചെറുതായി ആരും കണക്കാക്കേണ്ട 2018, 19 വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ എന്റര്‍ടൈന്‍മെന്റ് വഴി 6000 കോടിയുടെ ബിസിനസ്സ് നടക്കുമെന്നാണ് ഏണസ്റ്റ് ആന്റ് യംഗ് പറയുന്നത്. 2025 ല്‍ 20 ബില്യണ്‍ മുതല്‍ നൂറ് ബില്യണ്‍കോടിവരെയുള്ള ബിസിനസ്സാണ് ഇന്ത്യയിലെ വിനോദവ്യവസായ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് എഫ്.ഐ.സി.സി.ഐ പറയുമ്പോള്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്ര ചെറുതല്ലെന്ന് മനസ്സിലാക്കാം.