പാളിപ്പോയ നിരോധനാജ്ഞ; പഞ്ച്കുള ഡിസിപിക്ക് സസ്പെന്‍ഷന്‍; ഡെപ്യൂട്ടി എജിയും പുറത്ത്

ചണ്ഡിഗഢ്: ദേ​രാ സ​ച്ചാ സൗ​ദ നേ​താ​വ് ഗുര്‍മീത് റാം റഹീമിനെതിരായ വിധിയുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തെ തുടര്‍ന്ന് പഞ്ച്കുള ഡെപ്യൂട്ടി കമ്മീഷണറെ ഹരിയാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ദേ​രാ സ​ച്ചാ സൗ​ദ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ഹ​രി​യാ​ന സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

പ്രായോഗികമല്ലാത്ത നിരോധനാജ്ഞ ഡിസിപി പുറപ്പെടുവിച്ചതാണ് ജനങ്ങള്‍ ജില്ലയില്‍ ഒത്തുകൂടാന്‍ വഴിയൊരുക്കിയതെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ആയുധങ്ങളുമായി സംഘടിക്കരുതെന്ന് മാത്രമാണ് ഡിസിപി ഉത്തരവിട്ടതെന്നും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ സംഘടിക്കരുതെന്ന നിര്‍ദേശം നല്‍കിയില്ലെന്നും ഹരിയാന അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.

റാം ​റ​ഹീം സിം​ഗി​ന്‍റെ പെ​ട്ടി​ചു​മ​ന്ന ഹ​രി​യാ​ന ഡെ​പ്യൂ​ട്ടി അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നെയും സ​ർ​ക്കാ​ർ പു​റ​ത്താ​ക്കിയിട്ടുണ്ട്. പീ​ഡ​ന​ക്കേ​സി​ൽ ഗു​ർ​മീ​ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​പ്പോ​ഴാ​യി​രു​ന്നു ഗു​ർ​ദാ​സ് സിം​ഗ് പെ​ട്ടി​ചു​മ​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ​ൽ​വാ​ര​യെ സ​ർ​ക്കാ​ർ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ഗു​ർ​മി​തി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വാ​ണ് സ​ൽ​വാ​ര​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

കലാപവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം വന്നതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ നടപടി എടുത്തത്. നാട് കത്തുന്പോൾ മുഖ്യമന്ത്രി കൈയ്യും കെട്ടി നോക്കിയിരുന്നുവെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പറഞ്ഞു. ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഇതോടെ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ കൂടുതൽ പ്രതിസന്ധിയിലായി. കലാപം ഉടലെടുത്തപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി സംസ്ഥാന ബിജെപിക്ക് അകത്തും പുറത്തും ആവശ്യം ശക്തമായിരുന്നു. ഇവർക്ക് ശക്തിയേകുന്ന വിധത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി വിമർശനവും ഉണ്ടായിരിക്കുന്നത്.