ജിയോ ഫോണ്‍: തിക്കും തിരക്കും കാരണം പ്രീ ബുക്കിംഗ് നിര്‍ത്തിവെച്ചു

ജിയോ ഫീച്ചർ ഫോണിനുള്ള പ്രീ ബുക്കിംഗിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയതോടെ ജിയോ ബുക്കിംഗ് സേവനം താത്കാലികമായി നിര്‍ത്തിവെച്ചു. ലക്ഷക്കണക്കിന് പേര്‍ മണിക്കൂറുകള്‍ക്കകം ബുക്ക് ചെയ്തെന്ന് കാട്ടിയാണ് സേവനം നിര്‍ത്തിയത്. വ്യാഴാഴ്ച്ച വെകുന്നേരും 5.30ഓടെയാണ് ബുക്കിംഗ് ആരംഭിച്ചത്. ആള്‍ത്തിരക്ക് കാരണം ആദ്യ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ജിയോ വെബ്സൈറ്റും ആപ്ലിക്കേഷനും നന്നായി വിയര്‍ത്തു.

സാങ്കേതിക തകരാര്‍ ഉണ്ടായെങ്കിലും വൈകാതെ ഇത് പരിഹരിച്ച് വീണ്ടും ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയെങ്കിലും ലക്ഷക്കണക്കിന് ബുക്കിംഗ് വന്നതിനാല്‍ വീണ്ടും നിര്‍തതിവെച്ചു. ഇനി എപ്പോഴാണ് ബുക്കിംഗ് സേവനം വീണ്ടും തുടരുക എന്ന് കമ്പനി അറിയിച്ചിട്ടില്ല.

ബുക്കിംഗ് സമയത്ത് 500 രൂപയാണ് അടക്കേണ്ടത്. ബാക്കി 1000 രൂപ ഫോൺ ലഭിക്കുന്പോഴാണ് നൽകേണ്ടത്.ഏറെ പ്രതീക്ഷയോടെയാണ് റിലയൻസ് തങ്ങളുടെ ഫീച്ചർ ഫോൺ വിപണിയിലിറക്കുന്നത്. 10 കോടിയോളം ഉപഭോക്താക്കളെ കണ്ടെത്താനാണ് റിലയൻസ് ലക്ഷ്യമിട്ടിരിക്കുന്നത്. സെപ്തംബർ ആദ്യ വാരം തന്നെ ഫോൺ ഉപഭോക്താക്കളുടെ കൈവശം എത്തുമെന്നാണ് ഇപ്പോൾ കരുതുന്നത്.

ഒന്നര കോടിയോളം ഫോൺ ഈ വർഷം തന്നെ റിലയൻസ് വിറ്റഴിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തൽ. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ ഈ കുറഞ്ഞ വില സ്വാധീനിക്കുമെന്നാണ് കരുതുന്നത്.

ഫീച്ചർ ഫോണുകൾ പൊതുവേ ഫോൺ സംഭാഷണങ്ങൾക്കും സന്ദേശങ്ങൾക്കും മാത്രം സഹായകരമാകുന്നവയാണ്. പക്ഷെ റിലയൻസ് ഫീച്ചർ ഫോൺ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ മെസഞ്ചർ സൈറ്റുകളെ കൂടി കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.