പരോൾ ലഭിക്കാൻ രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി നിരാഹാര സമരത്തിന്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനി പരോൾ നൽകണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി ആവശ്യപ്പെട്ടാണ് നളിനി പരോളിന് അപേക്ഷ നൽകിയിരിക്കുന്നത്. പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് നളിനി ജയിലിൽ ചൊവ്വാഴ്ച മുതൽ നിരാഹാര സമരം നടത്തും .

രാജീവ് ഗാന്ധി വധക്കേസിൽ കഴിഞ്ഞ 26 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് നളിനി. ഇതേ കേസിൽ പ്രതിയായ പേരറിവാളന് കഴിഞ്ഞ ദിവസം പരോൾ അനുവദിച്ചിരുന്നു. ഒരു മാസത്തെ പരോളാണ് പേരറിവാളന് തമിഴ്നാട് സർക്കാർ അനുവദിച്ചത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മരണവും കാത്ത് 26 വര്‍ഷമായി ജയിലില്‍ കിടക്കുകയായിരുന്ന പേരറിവാളന് ജീവന്‍ തിരിച്ചുകിട്ടാനുള്ള ഏറ്റവും വലിയ കാരണം അമ്മ അര്‍പ്പുതമ്മാള്‍ നടത്തിയ നിയമപ്പോരാട്ടമാണ്. 19 വയസ്സുള്ള പേരറിവാളനെ ചോദ്യം ചെയ്യാനാണെന്ന് പറഞ്ഞ് 26 വര്‍ഷം മുന്പ് സിബിഐ കൊണ്ടുപോകുന്പോള്‍ അമ്മ അര്‍പ്പുതമ്മാളിന് 41 വയസ്സായിരുന്നു.