ട്രംപിന്റെ ആരോപണം: അമേരിക്കൻ സഹായങ്ങൾ സ്വീകരിക്കുന്നത് പാകിസ്ഥാൻ നിർത്തുമെന്ന് സൂചന

ലാഹോർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശനത്തിന് പിന്നാലെ അമേരിക്കൻ സഹായങ്ങൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കാൻ സമയമായെന്ന സൂചന നൽകി പാകിസ്ഥാൻ. അമേരിക്ക നൽകുന്ന സേവനങ്ങൾ അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച സമയം ഇതാണെന്നും ഇതുവരെ നൽകിയ സേവനങ്ങൾക്ക് നന്ദി പറയണമെന്നും പാകിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) നേതാവും മുൻ പ്രസിഡന്റ് നവാസ് ഷെരീഫിന്റെ അനുജനുമായ ഷഹ്ബാസ് ഷെരീഫ് പറഞ്ഞു.

ഇപ്പോഴത്തെ പ്രസ്‌താവയുടെ പേരിൽ നടക്കുന്ന ചർച്ചകൾ തീവ്രവാദവും പട്ടിണിയും കൊണ്ട് ദുരിതമനുഭവിക്കുന്ന പാകിസ്ഥാൻ ജനതയുടെ മുറിവിൽ ഉപ്പ് തേക്കുന്ന പരിപാടിയാണെന്നും ഇത്തരത്തിലുള്ള ആക്ഷേപങ്ങൾക്ക് മറുപടി പറയേണ്ട മാർഗം ഇതാണെന്നും പ‌ഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹ്ബാസ് പറഞ്ഞു. അമേരിക്കൻ ധനസഹായങ്ങൾ കൈപ്പറ്റി പാകിസ്ഥാൻ തീവ്രവാദത്തെ സഹായിക്കുകയാണ് എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.

വർഷങ്ങളായി ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ വികസനത്തിനായി അമേരിക്ക പാകിസ്ഥാന് സാമ്പത്തിക സഹായം നൽകുന്നുണ്ട്. അതേസമയം അമേരിക്കയുടെ ആരോപണത്തെ തുടർന്ന് പാകിസ്ഥാനിൽ പ്രതിഷേധം ശക്തമാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അമേരിക്ക കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.