അണ്ണാ ഡി.എം.കെ നിർണായക യോഗം ആരംഭിച്ചു, ദിനകരൻ പക്ഷത്തെ എം.എൽ.എയും പങ്കെടുക്കുന്നു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച എം.എ.എമാരടെ നിർണായക യോഗം ചെന്നെെയിലെ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് ആരംഭിച്ചു. യോഗത്തിൽ ഇ.പി.എസ്- ഒ.പി.എസ് വിഭാഗത്തോട് ഇടഞ്ഞു നിൽക്കുന്ന ടി.ടി.വി ദിനകരൻ പക്ഷത്തെ ഒരു എം.എൽ.എയും പങ്കെടുക്കുന്നുണ്ട്.

പത്ത് ദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി എം.എൽ.എമാരുടെ യോഗം വിളിക്കുന്നത്. ആകെ 108 എം.എൽ.എമാർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നേരത്തെ ഇ.പി.എസ്- ഒ.പി.എസ് ലയനത്തിന് പിന്നാലെ എം.എൽ.എമാരുടെയും പാർട്ടി ഭാരവാഹികളുടെയും യോഗം വിളിച്ചു ചേർത്തിരുന്നെങ്കിലും ആദ്യമായാണ് ദിനകരൻ പക്ഷത്തെ എം.എൽ.എമാരെ ചർച്ചയ്‌ക്ക് വിളിക്കുന്നത്. ഒരു എം.എൽ.എ പങ്കെടുക്കുന്നത് ദിനകരൻ പക്ഷത്ത് ഉയർന്ന് വന്ന ഭിന്നതയുടെ ഭാഗമായാണെന്നാണ് സൂചന.

നേരത്തെ, വിളിച്ച യോഗത്തിൽ നിന്നും ചില എം.എൽ.എമാർ വിട്ടുനിന്നത് ഇ.പി.എസ്- ഒ.പി.എസ് വിഭാഗത്തിന് തിരിച്ചടിയായിരുന്നു. തുടർന്ന് ജില്ലാ അടിസ്ഥാനത്തിൽ എം.എൽ.എമാരോട് എടപ്പാടി ചർച്ച നടത്തിയിരുന്നെങ്കിലും എം.പിമാരടക്കം ദിനകരൻ പക്ഷത്ത് എത്തിയത് ഇ.പി.എസിനെ അസ്വസ്ഥമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണാമായ യോഗം ചെന്നെെയിൽ ആരംഭിച്ചത്.