കണ്ണന്താനത്തിന് മതാന്ധകനോ വര്‍ഗീയവാദിയോ ആകാന്‍ കഴിയില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസം:  മന്ത്രി കെ. ടി. ജലീല്‍

അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി കെടി ജലീല്‍. കണ്ണന്താനത്തിന് ഒരിക്കലും ഒരു മതാന്ധകനോ വര്‍ഗ്ഗീയവാദിയോ ആകാന്‍ കഴിയില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കണ്ണന്താനത്തിന്റെ സ്ഥാനലബ്ധി കേരളത്തിന് ഗുണം ചെയ്യുമെന്നും ടൂറിസം ഐ.ടി മേഖലകകളില്‍ നല്ല ഇടപെടലുകള്‍ നടത്തി സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യാന്‍ അല്‍ഫോന്‍സ് ശ്രമിക്കുമെന്ന് നമുക്കാശിക്കാമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം…- അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ സന്തോഷമുണ്ട്. 2006 ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് ആദ്യം നിയമസഭയില്‍ എത്തിയപ്പോള്‍ അതേ സഭയില്‍ അംഗമായി അല്‍ഫോന്‍സുമുണ്ടായിരുന്നു. അദ്ദേഹം രചിച്ച ‘ഇന്ത്യ മാറ്റത്തിന്റെ ഇടിമുഴക്കം’എന്ന പുസ്തകം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വായിച്ചതെങ്കിലും അതിന്റെ ആവേശം അപ്പോഴും വിട്ട് മാറിയിരുന്നില്ല.

പത്താം ക്ലാസ്സില്‍ കേവലം 47ശതമാനം മാര്‍ക്ക് മാത്രം വാങ്ങിയ കുട്ടി സിവില്‍ സര്‍വീസ് പരീക്ഷയില്‍ എട്ടാംറാങ്കുകാരനായി വിജയിച്ചതിന്റെ കഥ പറയുന്നതോടൊപ്പം പ്രസ്തുത ഗ്രന്ഥം, വായിക്കുന്നവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം അളവറ്റതാണ്. ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പലപ്പോഴും ഞാന്‍ സംശയ നിവാരണം വരുത്തിയിരുന്നത് കണ്ണന്താനവുമായി ആശയവിനിമയം നടത്തിയാണ്. എനിക്കദ്ദേഹം ജേഷ്ഠ സഹോദര തുല്ല്യനാണ് അന്നും ഇന്നും. ഒരിക്കല്‍ അദ്ദേഹം വീട്ടില്‍ വന്നപ്പോള്‍ പ്ലസ്ടുവിന് പഠിക്കുകയായിരുന്ന മകള്‍ അസ്മയോട് പറഞ്ഞത് ഉപരിപീനത്തിന് അമേരിക്കയില്‍ പോകണമെന്നാണ്. കണ്ട് മുട്ടുന്നവരെ പ്രത്യേകിച്ച് കുട്ടികളെ മോട്ടിവേറ്റ് ചെയ്യാന്‍ അദ്ദേഹം തന്നെത്തന്നെയാണ് ഉദാഹരിച്ചിരുന്നത്.

തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചുമുള്ള അല്‍ഫോന്‍സിന്റെ സംസാര ശൈലി ആരിലും മതിപ്പുളവാക്കാന്‍ പോന്നതാണ്. മതേതര മനസ്സുള്ള അദ്ദേഹം എങ്ങനെ ബിജെപി യില്‍ ചെന്ന്‌പെട്ടുവെന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഒരുമിച്ചായിരുന്നപ്പോഴും എതിര്‍പക്ഷത്തായപ്പോഴും സൗഹൃദം കാത്ത് സൂക്ഷിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഞാന്‍ മന്ത്രിയാകുമെന്ന വാര്‍ത്ത വന്നപ്പോള്‍ വിളിച്ച് അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു. കണ്ണന്താനത്തിന് ഒരിക്കലും ഒരു മതാന്ധകനോ വര്‍ഗ്ഗീയവാദിയോ ആകാന്‍ കഴിയില്ലെന്നാണ് എന്റെ ഉറച്ച വിശ്വാസം. അദ്ദേഹത്തിന്റെ സ്ഥാനലബ്ധി കേരളത്തിന് ഗുണം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. ടൂറിസം ഐ.ടി മേഖലകകളില്‍ നല്ല ഇടപെടലുകള്‍ നടത്തി സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യാന്‍ അല്‍ഫോന്‍സ് ശ്രമിക്കുമെന്ന് നമുക്കാശിക്കാം. സഹോദര സ്ഥാനീയനായ കണ്ണന്താനത്തിന് എല്ലാ വിജയങ്ങളും നേരുന്നു