അന്ന് കലാഭവന്‍ മണിയെ പാരവച്ചും ചതിച്ചും പുറത്താക്കി, പിന്നില്‍ കളിച്ചത് മണി താരമാകുന്നതില്‍ അസ്വസ്ഥരായിരുന്നവര്‍, കരഞ്ഞുകൊണ്ടിറങ്ങിയ മണിയുടെ മുഖം മറക്കാനാകുന്നില്ല, കലാഭവന്‍ പ്രജോദ്

മിമിക്രിയിലൂടെ സിനിമയിലെത്തി വലിയ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച നടനായിരുന്നു കലാഭവന്‍ മണി. ഒടുവില്‍ ജീവിതത്തിന്റെ നല്ലപകുതിയില്‍ ആരോടും പറയാതെ മരണത്തിന്റെ കൈപിടിച്ച് മണി ഏവരെയും ഞെട്ടിച്ചു. പട്ടിണിയില്‍ ജനിച്ച് ഇല്ലായ്മകളോട് പടപൊരുതി, തന്റെ സൗഭാഗ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ച കലാഭവന്‍ മണി എല്ലാവര്‍ക്കും മണിച്ചേട്ടനായിരുന്നു. മണിയെക്കുറിച്ച് ആരും ഇതുവരെ അറിയാത്തൊരു രഹസ്യം തുറന്നുപറയുകയാണ് കലാഭവന്‍ പ്രജോദ്. ഒരിക്കല്‍ കലാഭവന്‍ മിമിക്രി ട്രൂപ്പില്‍ നിന്ന് പുറത്താക്കപ്പെട്ട കഥയാണ് പ്രജോദ് ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

മണി കലാഭവനില്‍ നിറഞ്ഞുനില്ക്കുന്ന കാലം. അന്ന് സ്റ്റേജ് ഷോകളില്‍ ഏറ്റവുമധികം തിളങ്ങിയിരുന്നത് ഈ ചാലക്കുടിക്കാരനായിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മണി കലാഭവനില്‍ നിന്ന് പുറത്താക്കപ്പെടുന്നു. ആര്‍ക്കും ഒന്നും മനസിലാകാത്ത അവസ്ഥ. അന്ന് കലാഭാവനില്‍ നിന്നും കരഞ്ഞുകൊണ്ടാണ് മണി ഇറങ്ങിയത്. മണിയെ കലാഭവനില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. കാരണം, മറ്റൊന്നുമല്ല, മണിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ചിലര്‍ അദേഹത്തിനെതിരേ പാര പണിതു. മണി കലാഭവന്റെ പരിപാടിക്കല്ലാതെ മറ്റു പരിപാടികള്‍ക്കും പങ്കെടുക്കാറുണ്ടായിരുന്നുവത്രേ.

ഇത് ഡയറക്ടറായ ആബേലച്ചന്റെ മുന്നില്‍ പരാതിയായെത്തി. നിവൃത്തിയില്ലാതെ മണിയെ പറഞ്ഞുവിട്ടു. മണിയോട് പ്രത്യേക വാത്സല്യമുണ്ടായിരുന്ന ആബേലച്ചന്‍ അന്ന് ഇങ്ങനെ പറഞ്ഞു-‘മണി ഇവിടെ നിന്ന് പോകുന്നത് രക്ഷപെടാന്‍ വേണ്ടിയായിരിക്കും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ വാക്കുകള്‍ അച്ചട്ടായി. ഒരു വര്‍ഷത്തിന് ശേഷം മണി കലാഭവന്റെ മുറ്റത്ത് തിരികെയെത്തി. അത് പക്ഷെ പഴയ കുപ്പായത്തിലായിരുന്നില്ല. കലാഭവന്റെ 25ാം വാര്‍ഷികം ആഘോഷിക്കാന്‍ താരമായിട്ടായിരുന്നു. മണിയെന്ന താരം മരണം വരെ തന്നെ താനാക്കിയ കലാഭവന്‍ എന്ന പേര് പരാമര്‍ശിക്കാതെ ഒരു ഇന്റര്‍വ്യൂ പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നതും കൗതുകരമാണ്.