ഗോരക്ഷയുടെ പേരില്‍ അഴിഞ്ഞാട്ടം നടക്കില്ല; കര്‍ശന നടപടിയുമായി സുപ്രീം കോടതി

പശു സംരക്ഷകരെന്ന പേരില്‍ ജനങ്ങളെ തല്ലിക്കൊല്ലുന്നതിനെതിരേ ശക്തമായ ഭാഷയില്‍ സുപ്രീം കോടതി. ഗോരക്ഷയുടെ പേരില്‍ രാജ്യത്തു തുടരുന്ന അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. ഏഴു ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് കോടതി നിര്‍ദേശിച്ചു.

അക്രമം തടയാന്‍ ജില്ലാ തലത്തില്‍ മേല്‍നോട്ടം ഉണ്ടാവണം. ഇതിനായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കണം. നടപടികളെ കുറിച്ച് അതാത് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഗോരക്ഷയുടെ പേരില്‍ പിന്നാക്ക, ദലിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിക്കുന്നതായും കര്‍ശന നടപടിക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ തഹ്‌സീന്‍ എസ്. പൂനാവാല!യാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ രാജ്യത്തെ ക്രമസമാധാനത്തെയും സാമൂഹ്യ ഐക്യത്തെയും പൊതുനീതിയെയും തകിടം മറിക്കുന്നതാണ്. ഇതുമൂലം രാജ്യത്തെ വ്യത്യസ്ത മത വിഭാഗങ്ങളുടെ ഇടയിലുള്ള സാഹോദര്യം ഇല്ലാതാകുന്നത് വര്‍ധിച്ചതായും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഒക്ടോബര്‍ 21ന് ഹരജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി, ഏപ്രില്‍ ഏഴിന് ആക്രമങ്ങള്‍ തുടരുന്ന ആറു സംസ്ഥാനങ്ങളുടെ പ്രതികരണം ആരാഞ്ഞിരുന്നു. തുടര്‍ന്ന് ജൂലൈ 21ന് വാദംകേട്ട കോടതി അക്രമങ്ങള്‍ നടത്തുന്ന ഗോരക്ഷകരെ സഹായിക്കരുതെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റുകയായിരുന്നു.