ഗൗരി ലങ്കേഷ് വധം; കൊലപാതകം ആഘോഷിച്ച് സംഘപരിവാര്‍

പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നിര്‍ണായകമായേക്കാവുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചെന്നു സൂചന. ഓഫീസില്‍നിന്നും വീട്ടിലേക്കുള്ള വഴിയില്‍ കെട്ടിടത്തില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണു പോലീസ് കണ്ടെത്തിയത്. ഇതു വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. റോഡരികിലെ കെട്ടിടത്തില്‍നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ പിന്തുടരുന്നെന്നു വ്യക്തമാണ്. എന്നാല്‍, മുഖം വ്യക്തമല്ല. രാത്രിയായതിനാല്‍ കൂടുതല്‍ പരിശോധന വേണമെന്നാണു പോലീസ് നിലപാട്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ഗൗരി ലങ്കേഷിന്റെ വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നു ദൃശ്യങ്ങള്‍ ശേഖരിക്കാനുളള ശ്രമം തുടരുകയാണ്. ഇത് വിദഗ്ധ പരിശോധനക്കായി അയച്ചു. അതിനിടെ ഗൗരി ലങ്കേഷിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ആളെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ചിക്കമംഗളൂര്‍ സ്വദേശിയെയാണ് കസ്റ്റഡിയാലയത്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ആകെ ഏഴുവട്ടമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇതില്‍ നാല് വെടിയുണ്ടകള്‍ വീടിന്റെ ഭിത്തിയിലാണ് തറച്ചത്. മൂന്നെണ്ണം അവരുടെ ദേഹത്തും. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒന്ന് നെറ്റിയിലും തറച്ചു. നാലു വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന സമയത്ത് രണ്ട് ബൈക്കുകളുടെ ശ്ബ്ദം കേട്ടെന്ന്് അയല്‍വാസി മൊഴിനല്‍കിയിട്ടുണ്ട്.

സിസിടിവിയില്‍ കൊലപാതകം പതിഞ്ഞിട്ടുണ്ടെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ദൃക്‌സാക്ഷികളെയൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ഗൗരി ലങ്കേഷ് ജോലിസ്ഥലത്തേക്കും വീട്ടിലേക്കും നടന്നിരുന്ന വഴിയിലെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കുന്നു. ഗൗരിയെ ആരെങ്കിലും പിന്തുടര്‍ന്നിരുന്നോ എന്ന് അറിയാനാണിത്. ഭീഷണിയുളളതായി ഗൗരി ലങ്കേഷ് ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞ്ഞു. അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. കല്‍ബുര്‍ഗിയുടെ കൊലുപാതകവുമായി ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ആഹഌദം പ്രകടിപ്പിച്ചു സംഘപരിവാര്‍ അനുകൂലികളും മാധ്യമപ്രവര്‍ത്തകരുമടക്കം രംഗത്തെത്തിയിട്ടുണ്ട്. സീ മീഡിയയിലെ മുന്‍ മാധ്യമപ്രവര്‍ത്തക ജാഗ്രതി ശുക്ല ട്വീറ്റ് ചെയ്തത് കമ്യൂണിസ്റ്റായിരുന്ന ഗൗരി ലങ്കേഷ് ദയാരഹിതമായി കൊല്ലപ്പെട്ടുവെന്നും നിങ്ങളുടെ പ്രവൃത്തി തിരിച്ചുവന്ന് നിങ്ങളെ വേട്ടയാടിയെന്നുമാണ്. ഗൗരി ലങ്കേഷിനായി ഇപ്പോള്‍ വിലപിക്കുന്നവരുടെയൊക്കെ മനുഷ്യത്വം കേരളത്തില്‍ ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ എവിടെയായിരുന്നെന്നും ജാഗ്രതി ചോദിക്കുന്നു.

നക്‌സല്‍ അനുഭാവിയ മാധ്യമപ്രവര്‍ത്തക വീട്ടില്‍ വെടിയേറ്റ് മരിച്ചെന്നാണ് കന്നട പത്രമായ വിശ്വവാണിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ട്വീറ്റ് ചെയ്തത്. മാര്‍ക്‌സിസ്റ്റ് ശൂര്‍പണഖയെ കാലപുരിക്കയച്ചു എന്നാണ് ഒരു സംഘപരിവാര്‍ അനുകൂലി ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് ആഘോഷിക്കേണ്ട സമയമാണെന്നും നിരവധി സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.