നാടുനീളെ വിതുര എസ്.ഐയുടെ പിരിവ്; പൊറുതിമുട്ടി ജനങ്ങള്‍

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് പൊന്‍മുടി. അവിടേക്ക് പോകുന്ന വഴിയില്‍ വിതുരയെത്തുമ്പോള്‍ നാട്ടുകാര്‍ തരുന്ന ഒരു മുന്നറിയിപ്പുണ്ട്. എസ്.ഐ സാറ് വഴിയിലെങ്ങാനും കാണും സൂക്ഷിച്ച് പോകണേ എന്ന്. ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട് എസ്.എല്‍. പ്രേംലാല്‍ എന്നൊരു ചെറുപ്പക്കാരന്‍ ആണ് വിതുര പോലീസ് സ്‌റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടര്‍. അദ്ദേഹത്തിന്റെ മുന്നില്‍പ്പെട്ടിട്ട് കൈക്കൂലി നല്‍കാതെ രക്ഷപ്പെട്ടവര്‍ വളരെ ചുരുക്കം. പ്രദേശത്തുള്ള റിസോര്‍ട്ടുകള്‍ മുതല്‍ പാവപ്പെട്ട ലോട്ടറിക്കച്ചവടക്കാര്‍ക്ക് വരെ പറയാന്‍ നിരവധി ദുരനുഭവങ്ങളാണ് ഉള്ളത്.

അതിലൊന്ന്: കല്ലാര്‍ പ്രദേശത്തെ ഒരു റിസോര്‍ട്ടില്‍ നിന്ന് പലകാരണങ്ങള്‍ പറഞ്ഞ് ചെറുതുംവലുതുമായി വന്‍തുകയാണ് എസ്.ഐ പ്രേംലാല്‍ കൈക്കലാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ എല്ലാ സ്റ്റേഷനിലേക്കും വിതരണം ചെയ്യുന്ന ബ്രീത്ത് അനലൈസര്‍ വാങ്ങാനെന്ന പേരില്‍ 4000 രൂപയാണ് വാങ്ങിയത്. പോലീസിന് ഉപകരണങ്ങള്‍ വാങ്ങാന്‍ പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്ത് തുടങ്ങിയത് എന്നുമുതലാണ് എന്ന് എസ്.ഐ സാര്‍ അറിയിച്ചാല്‍ കൊള്ളാം. തുടര്‍ന്നും റിസോര്‍ട്ട് ഉടമകളില്‍ നിന്ന് വാങ്ങിയതായി അവര്‍ പറയുന്ന കണക്കുകള്‍ അവസാനിക്കുന്നില്ല. സ്വാതന്ത്ര്യദിനത്തിന് സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ പരിപാടി സംഘടിപ്പിക്കാന്‍ 3000 രൂപ വാങ്ങിയെടുത്തിട്ടുണ്ട് എന്ന് ഒരു റിസോര്‍ട്ട് ഉടമ ന്യൂസ് റിപ്പോര്‍ട്ടറോട് പറഞ്ഞു. കൂടാതെ പോലീസ് സ്‌റ്റേഷനില്‍ സംഘടിപ്പിച്ച ഓണസദ്യയ്ക്ക് പ്രദേശത്തെ റിസോര്‍ട്ട് ഉടമകളോട് പണം ആവശ്യപ്പെട്ടു. ഇതിലൊരാള്‍ സ്റ്റേഷനില്‍ വിളിച്ചുചോദിച്ചപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലായത്. സ്‌റ്റേഷനില്‍ നിന്ന് മറ്റൊരു പോലീസുകാരന്‍ പറഞ്ഞ് ഇങ്ങനെ: ‘ഇരുപതോളം പോലീസുകാരുള്ള സ്‌റ്റേഷനാണ് വിതുര പോലീസ് സ്‌റ്റേഷന്‍. എല്ലാ പോലീസുകാരും പണംകൊടുത്താണ് ഈ പരിപാടി നടത്തുന്നത്. അല്ലാതെ ജനങ്ങളില്‍നിന്നോ മറ്റു സ്ഥാപനങ്ങളില്‍ നിന്നോ ഒരുരൂപ പോലും ഓണസദ്യ പരിപാടിക്കായി വാങ്ങുന്നില്ല’. അതായത് മറ്റ് പോലീസുകാരുടെയും പേരില്‍ എസ്.ഐ പ്രേംലാല്‍ പണംപിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഇനി എസ്.ഐ സാറിന്റെ മറ്റ് പിരിവ് മേഖലകള്‍ ഇവയാണ്. വിതുര മുതല്‍ കല്ലാറുവരെ നീണ്ടുകിടക്കുന്ന മണല്‍മാഫിയയുടെ രക്ഷകനും പ്രമോട്ടറുമാണ് എസ്.ഐ എന്നാണ് ആരോപണം. പ്രദേശത്തെ മണല്‍മാഫിയകളില്‍ പ്രധാനിയാണ് വിതുര സ്വദേശി ഗോപന്‍. മറ്റ് മണല്‍കടത്ത് സംഘങ്ങളില്‍ നിന്നും ആഴ്ചതോറും പണംപിരിച്ച് എസ്.ഐക്ക് ഏല്‍പ്പിക്കാനുള്ള ചുമതല ഈ ഗോപനാണ്. സ്റ്റേഷനില്‍ എല്ലാ പോലീസുകാരുടെയും പേര് പറഞ്ഞ് തലയെണ്ണി കൈക്കൂലി വാങ്ങി സ്വന്തം പോക്കറ്റില്‍ ആക്കുകയാണ് എസ്.ഐ. ഇതേക്കുറിച്ച് അറിഞ്ഞ് പ്രതികരിച്ച ഒരു പോലീസുകാരന് എസ്.ഐയില്‍ നിന്ന് ശകാരം ഏറ്റതായും അറിയുന്നു. അതുപോലെ ജെ.സി.ബി മുതലാളിമാരുടെ കണ്ണിലുണ്ണിയാണ് എസ്.ഐ. ഒരിക്കെ ഇതുപോലെ ജെ.സി.ബി ഉടമയുടെ കൂടെ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെച്ചത് വിവാദമായിരുന്നു. സ്ഥിരം മദ്യപാനകമ്പനികള്‍ ജെ.സി.ബി ഉടമകളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇങ്ങനെ സമൂഹത്തിലെ ഉന്നത സ്ഥാപനങ്ങളില്‍ നിന്ന് മാത്രമല്ല സാധാരണക്കാരെയും ദരിദ്രരെയും വരെ എസ്.ഐ പ്രേംകുമാര്‍ പീഡിപ്പിക്കുന്നുണ്ട്. വിതുര പ്രദേശത്ത് സൈക്കിളില്‍ വീട്ടുപലഹാരങ്ങളും ലോട്ടറിയും വില്‍ക്കാനെത്തുന്ന 80 വയസ്സുള്ള വയോവൃദ്ധന് സംഭവിച്ചതും ഇത്തരമൊരു ദുരിതമായിരുന്നു. പോലീസ് പട്രോളിംഗിനിറങ്ങിയപ്പോള്‍ പോലീസിന് മുമ്പില്‍ ഈ വൃദ്ധന്‍ വന്നുപെട്ടു. കൈയില്‍ ബീഡി കത്തിച്ചുവെച്ചിട്ടുണ്ടായിരുന്ന വൃദ്ധനോട് 200 രൂപ പെറ്റി അടയ്ക്കാന്‍ പറഞ്ഞു. കൈയില്‍ പണമില്ലാന്ന് അറിയിച്ച ഇദ്ദേഹത്തില്‍ നിന്ന് വില്‍പ്പനയ്ക്ക് വെച്ചിരുന്ന മുഴുവന്‍ ലോട്ടറിയും പിടിച്ചുവാങ്ങി എസ്.ഐ പോയി. ഏത് നിയമപ്രകാരമാണ് ലോട്ടറി പിടിച്ചുവാങ്ങിയതെന്ന് ആര്‍ക്കും അറിയില്ലാ. ഇതുവരെ ആ ലോട്ടറിയെക്കുറിച്ച് എസ്.ഐ മിണ്ടിയിട്ടുമില്ലാ എന്നാണ് അറിയാന്‍ കഴിയുന്നത്.

മുമ്പ് ബിവറേജസ് ഡിപ്പാര്‍ട്ട്‌മെന്റിലും ശേഷം ഫോറസ്റ്റിലും ജോലി ചെയ്തിരുന്ന എസ്.ഐ പ്രേംലാല്‍ ഈ അടുത്തകാലത്താണ് എസ്.ഐ ആയി നിയമിതനായത്. ഇദ്ദേഹത്തെക്കുറിച്ച് പരാതികള്‍ പെരുകുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍ കണ്ണടയ്ക്കുകയാണ്.