ന്യൂസ് 18 ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂസ് 18 ചാനൽ കേരളയിലെ ഔട്ട്പുട്ട് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ബി ദിലീപ് കുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. കട്ടപ്പനയിലെ ആർകെ ലോഡ്ജിൽ വെച്ച് ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലാണ് അദ്ദേഹത്തെ കാണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. കട്ടപ്പനയിലെ സെന്റ് ജോൺസ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട ദിലീപ് കുമാര്‍ ഗുരുതരാവസ്ഥ പിന്നിട്ടുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.

വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. രാവിലെ നാല് മണിക്ക് സുഹൃത്തുക്കൾക്കൊപ്പം എത്തിയാണ് ഹോട്ടൽ മുറിയെടുത്തത്. രാവിലെ ആറേമുക്കാലോടെ സുഹൃത്തുക്കൾ ചായകുടിക്കാൻ പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യ ശ്രമം നടന്നത്. തിരികെ വരുമ്പോൾ മുറി അകത്തു നിന്നും പൂട്ടിയ നിലയിലാണ് കാണപ്പെട്ടത്. തുടർന്ന് സുഹൃത്തുക്കളും ജീവനക്കാരും ചേർന്ന് വാതിൽ പൊളിച്ചു അകത്തു കടക്കുകയായിരുന്നു.

മുറിക്കുള്ളിൽ കടന്ന അവർ കണ്ടത് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായ ദിലീപ് കുമാറിനെയായിരുന്നു. ഉടൻ തന്നെ ആദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മാധ്യമപ്രവർത്തകനെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തലയ്ക്കും നട്ടെല്ലിനും കാര്യമായ പരിക്കേറ്റിട്ടില്ലാത്തതിനാൽ അപകട നില തരണം ചെയ്യുമെന്നാണ് പ്രതീക്ഷ. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തണമെന്ന പ്രാർത്ഥനയിലാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും.

മലയാളം ചാനൽ ലോകത്തെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനാണ് ബി ദിലീപ് കുമാർ. അത്തരമൊരു വ്യക്തിയുടെ ആത്മഹത്യാ ശ്രമം മലയാളം മാധ്യമ പ്രവർത്തകരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. പൂട്ടിപ്പോയ ഇന്ത്യാവിഷൻ ചാനലിനെ എഡിറ്റർ ഇൻ ചാർജ്ജായി ജോലി ചെയ്തിരുന്നു അദ്ദേഹം. സൂര്യ ടിവിയുടെ ഡൽഹി ലേഖകനായും പ്രവർത്തിച്ചിരുന്നു. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട എക്‌സ്‌ക്ലൂസിവ് വാർത്തകൾ റിപ്പോർട്ട് ചെയ്ത വ്യക്തി കൂടിയാണ് ബി ദിലീപ്കുമാർ.

ചാനൽ ലോകത്ത് വിപുലമായി സൗഹൃദ വലയമുള്ള അദ്ദേഹം ഓണം അവധിയിലായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായാണ് ഇന്നലെ രാത്രി 11 മണിയോടെ വീട്ടിൽ നിന്നും കട്ടപ്പനയിലേക്ക് സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം യാത്ര തിരിച്ചത്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. ന്യൂസ് 18 ചാനലിലെ ദളിത് പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിലെ നാല് പ്രതികളിൽ ഒരാളാണ് ദിലീപ് കുമാർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ