ഡല്‍ഹിയില്‍ അഞ്ച് വയസ്സുകാരിയെ ക്ലാസ്മുറിയില്‍ ബലാത്സംഗം ചെയ്തു; പ്യൂണ്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അഞ്ചു വയസ്സുകാരിയെ സ്‌കൂളിനകത്ത് ബലാത്സംഗം ചെയ്തു. സ്‌കൂളിലെ തന്നെ പ്യൂണായി ജോലി നോക്കുന്ന വികാസ്(40)ണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. മൂന്ന് വര്‍ഷമായി സ്‌കൂളിലെ ജീവനക്കാരനാണ് ഇയാള്‍. നേരത്തെ ഇതേ സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനായും ഇയാള്‍ ജോലി നോക്കിയിരുന്നു.

ഉച്ചയ്ക്ക് ആളൊഴിഞ്ഞ ക്ലാസ്മുറിയിലേക്ക് പിടിച്ചു കൊണ്ടു പോയാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. വീട്ടിലെത്തിയ ശേഷം സംശയം തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ലൈംഗീക പീഡനം നടന്നതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടി പൊലീസിനു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൊപ്പി ധരിച്ചെത്തിയ പ്യൂണിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ദക്ഷിണ ഡല്‍ഹിയിലെ ഷഹാദ്രയിലാണ് സംഭവം. ഗുറാഗണില്‍ ബസ് കണ്ടക്ടര്‍ സ്‌കൂളിനകത്ത് ലൈംഗിക പീഡന ശ്രമത്തിനിടെ ആറു വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ വലിയ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് ഡല്‍ഹിയില്‍ നിന്നും പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.