സിര്‍സയിലെ ആസ്ഥാനം ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടരുന്നു: പരിശോധനയില്‍ ഗുര്‍മീതിന്റെ ആശ്രമത്തില്‍നിന്നും വനിത ഹോസ്റ്റലിലേയ്ക്ക് തുരങ്കം കണ്ടെത്തി

അനുയായിയായ സ്ത്രീയെ ബലാംത്സംഗം ചെയ്ത കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ സിര്‍സയിലെ ആസ്ഥാനം ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെ റെയ്ഡില്‍ രണ്ട് തുരങ്കങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആശ്രമത്തിന്റെ ഉള്ളില്‍നിന്നും വനിത ഹോസ്റ്റലിലേയ്ക്ക് തുറക്കുന്നതാണ് ഒരു തുരങ്കം. മറ്റൊന്ന് ആശ്രമത്തിനുള്ളില്‍ നിന്ന് ആരംഭിച്ച് കിലോമീറ്റര്‍ അകലെ റോഡിലേയ്ക്ക് തുറക്കുന്നതാണ്.

ആവശ്യം വന്നാല്‍ ഗുര്‍മീതിനും, അനുയായികള്‍ക്കും രക്ഷപ്പെടുന്നതിന് വേണ്ടി നിര്‍മിച്ചതാണ് തുരങ്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയ്ക്കുപുറമെ ആശ്രമത്തില്‍നിന്നും, അത്യാഡംബര കെട്ടിടങ്ങളും, മുഴുവന്‍ സൗകര്യങ്ങളുമുള്ള റിസോര്‍ട്ടുകളടക്കവും കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍, ഷോപ്പിംഗ് മാള്‍, ആശുപത്രി, സ്റ്റേഡിയം, സിനിമ തിയ്യറ്റര്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ സിര്‍സയിലെ ആശ്രമത്തിനുള്ളില്‍ നിന്നും അനധികൃത സ്‌ഫോടകവസ്തു നിര്‍മ്മാണശാല കണ്ടെത്തിയിരുന്നു. നിര്‍മാണ ശാലകളില്‍ നിന്നും സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും കണ്ടെടുത്തിരുന്നു.

നാല്‍പ്പത്തൊന്ന് അര്‍ധ സൈനിക വിഭാഗങ്ങളും, നാല് സൈനിക സംഘങ്ങളും, ഡോഗ്, ബോംബ് സ്‌ക്വാഡുകളും, നാല്‍പ്പതോളം കമാന്റോമാരുമടക്കം പ്രത്യേക സംഘമാണ് ആശ്രമത്തില്‍ പരിശോധന നടത്തുന്നത്. പരിശോധന നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്.

പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് പൊലീസ് ആശ്രമത്തില്‍ പരിശോധന ആരംഭിച്ചത്. പരിശോധനയില്‍ ആശ്രമത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടിച്ചെടുത്തിരുന്നു. നേരത്തെ ആശ്രമത്തില്‍ നിന്ന് എ.കെ 47 ന്‍ തോക്കുകളും റൈഫിളുകളും പെട്രോള്‍ ബോംബുകളും പോലീസ് പിടിച്ചെടുത്തിരുന്നു.

സമാനമായ ആയുധ ശേഖരം തന്നെയാണ് വീണ്ടും പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തത്. സിര്‍സ പട്ടണത്തില്‍ കനത്ത സുരക്ഷ ഒരുക്കിയാണ് പൊലീസ് ആശ്രമത്തില്‍ റെയ്ഡ് നടത്തിയത്. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

എണ്ണൂറോളം ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഗുര്‍മീതിന്റെ ആശ്രമം. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തെരച്ചിലുകളില്‍ പ്ലാസ്റ്റിക് നാണയങ്ങളും, നിരോധിച്ച നോട്ടുകളും, രജിസ്റ്റര്‍ ചെയ്യാത്ത ആഡംബര കാറുകളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌ഫോടകവസ്തു നിര്‍മ്മാണശാലയും കണ്ടെത്തിയിരിക്കുന്നത്.

2002 ല്‍ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഓഗസ്റ്റ് 25 നാണ് ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. തുടര്‍ന്ന് 28 ന് അദ്ദേഹത്തിന് രണ്ട് കേസുകളിലായി 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പഞ്ച്കുള പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവം നടത്തിയത്.