ഫ്‌ളോറിഡാ തീരം തൊട്ട് ഇര്‍മ ചുഴലിക്കാറ്റ്; നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ നാശമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടണ്‍: കരീബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച ശേഷം ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡ തീരത്ത്. അമേരിക്കന്‍ സമയം ശനിയാഴ്ച്ച രാത്രിയോടെ ഫ്ലോറിഡ തീരത്ത് ഇർമ ആഞ്ഞടിച്ചു. മരങ്ങൾ പിഴുതെറിഞ്ഞും കെട്ടിട്ടങ്ങൾക്ക് വലിയ തോതില്‍ നാശനഷ്ടമുണ്ടാക്കിയും ഫ്ലോറിഡയില്‍ ഇർമ വിനാശം വിതയ്ക്കുകയാണ്. ചുഴലിക്കാറ്റ് ആരംഭിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു. ഇർമ ഫ്ലോറിഡ തീരത്ത് എത്തിയതിന് പിന്നാലെ എല്ലാ സജ്ജീകരണങ്ങളോടെയും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ക്കാകും ഇര്‍മ വഴിവയ്ക്കുക എന്നാണ് വിലയിരുത്തൽ. കരിബീയൻ തീരത്ത് നിന്നും അമേരിക്കൻ തീരത്തേക്ക് ചുഴലിക്കാറ്റ് പൂർണമായി എത്തിയിട്ടില്ല. കനത്ത മഴയും ചുഴലിക്കാറ്റിന് പിന്നാലെ അനുഭവപ്പെടും എന്ന് മുന്നറിയിപ്പുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിന് പിന്നാലെ 50 ലക്ഷം പേരെ ദുരന്ത സാധ്യതയുള്ള പ്രദേശത്ത് നിന്നും മാറ്റി പാർപ്പിച്ചിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ഇത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അധികൃതരും ഇര്‍മയുടെ പ്രഹരശേഷിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പക്ഷെ ഇർമയുടെ പാത അടിക്കടി മാറുന്നത് ഒഴിപ്പിക്കലിന് തടസമായിരുന്നു. തെക്കന്‍ മുനമ്പില്‍നിന്നാകും ജനസാന്ദ്രത വളരെ കൂടുതലായ വടക്കന്‍ ഫ്‌ളോറിഡയിലേക്ക് ഇര്‍മ പ്രവേശിക്കുകയെന്നാണ് വിലയിരുത്തിയിട്ടുള്ളത്.

ആദ്യംചുഴലിക്കാറ്റുകളുടെ വേഗത അനുസരിച്ചുള്ള കാറ്റഗറി 3ലാണ് കാലാവസ്ഥ നീരിക്ഷകര്‍ ഇര്‍മയെ ഉള്‍പ്പെടുത്തിയതെങ്കിലും തീവ്രത ഏറുമെന്ന് കണ്ടതോടെ കാറ്റഗറി 4ലേക്ക് മാറ്റിയിരുന്നു

സമീപ സംസ്ഥാനങ്ങളായ ജോര്‍ജിയയിലും കരോളിനയിലും അടുത്തയാഴ്ചയോടെ ഉണ്ടായേക്കാവുന്ന കനത്തമഴയെ കുറിച്ചും വെള്ളപ്പൊക്കത്തെ കുറിച്ചും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ജോർജിയയിൽ നിന്നും അ‍ഞ്ച് ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഫ്‌ളോറിഡയില്‍ മണ്ണൊലിപ്പിനും ഇര്‍മ കാരണമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ഇര്‍മ ചുഴലിക്കാറ്റില്‍ 25 പേര്‍ കരിബീയന്‍ ദ്വീപുകളില്‍ കൊല്ലപ്പെട്ടിരുന്നു. പത്തുവര്‍ഷത്തിനിടയില്‍ അറ്റ്‌ലാന്റിക്കയില്‍ നിന്ന് വീശുന്ന ശക്തമായി ചുഴലിക്കാറ്റാണ് ഇര്‍മ