ജാമ്യം തേടി ദിലീപ് ബുധനാഴ്ച ഹൈക്കോടതിയിലേക്ക്‌

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും ജാമ്യം തേടി ബുധനാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാകും ഹര്‍ജി.

മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുമ്പ് രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപ് ജയിലിലായിട്ട് രണ്ടു മാസം പിന്നിടുകയാണ്. ജാമ്യക്കാര്യത്തില്‍ പോലീസ് ഇപ്പോഴും കടുത്ത നിലപാടിലാണെന്നാണ് സൂചന. ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ദിലീപിനെ അനുകൂലിച്ച് സംസാരിച്ച നടനും എം.എല്‍.എ.യുമായ ഗണേഷ് കുമാറിനെതിരേ അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു. ദിലീപ് അനുകൂല തരംഗമുണ്ടാക്കാനുള്ള ചിലരുടെ ബോധപൂര്‍വമുള്ള ശ്രമവും പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടും.ആലുവ സബ് ജയിലില്‍ ദിലീപിന്റെ സന്ദര്‍ശകരെ സംബന്ധിച്ച വിവരങ്ങള്‍ വ്യാഴാഴ്ച അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മജിസ്‌ട്രേറ്റ് ലീന റിയാസ് ജയില്‍ സൂപ്രണ്ടിനോട് നിര്‍േദശിച്ചിരിക്കുന്നത്.

ദിലീപിനെ സന്ദര്‍ശിക്കാന്‍ ഒട്ടേറെ പേര്‍ക്ക് അനുമതി നല്‍കിയതിനെതിരേ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ. ബൈജു പൗലോസാണ് അങ്കമാലി കോടതിയെ സമീപിച്ചത്. കേസില്‍ നേരത്തേ ചോദ്യം ചെയ്തവരടക്കം അമ്പതോളം പേര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.