ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘാംഗമെന്ന് സംശയം; ഒരാൾ കസ്റ്റഡിയിൽ

ബെംഗലൂരു: ഗൗരി ലങ്കേഷിനെ വധിിച്ച സംഘത്തിലെ അംഗമെന്ന സംശയത്തെ തുടർന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗലൂരു പൊലീസ് ആന്ധ്രയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

കേസ് അന്വേഷണത്തിനു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. രണ്ട് ഇന്‍സ്‌പെക്ടർമാർ ഉള്‍പ്പെടെ 44 പേരെ പുതുതായി ഉള്‍പ്പെടുത്തി. അന്വേഷണ സംഘത്തില്‍ ഇപ്പോള്‍ ആകെ 65 ഉദ്യോഗസ്ഥരുണ്ട്.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ  ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒരാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഗൗരിയെ പിന്തുടരുന്ന മറ്റൊരാളുടെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്‍റെ ദൃശ്യമാണ് സിസിടിവിയിലുള്ളത്. ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അക്രമികൾ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം.

ഏഴ് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തിലേക്ക് അക്രമികൾ ഉതിർത്തത്. മൂന്ന് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറി. പോയന്റ് ബ്ലാങ്കില്‍ നെറ്റിയില്‍ തറച്ചുകയറിയ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

കൽബുർഗിയെ സ്വവസതിയിൽ വച്ച് രണ്ട് വർഷം മുമ്പ് കൊലപ്പെടുത്തിയത് പോലെ സമാനരീതിയിലാണ് ഗൗരിയയെ കൊലപ്പെടുത്തിയതും. കൽബുർഗിയുടെ വധത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തിൽ ലങ്കേഷ് മുൻനിരയിലുണ്ടായിരുന്നു. പ്രമുഖ കന്നഡ സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായിരുന്ന  പി.ലങ്കേഷിന്റെ  മകളാണ്. ചലച്ചിത്ര പ്രവർത്തകയായ കവിത ലങ്കേഷ് സഹോദരിയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് സഹോദരനുമാണ്.