ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍; ഫാ. ടോം ഉഴുന്നാല്‍ മോചിതനായി

യെമനില്‍ ഭീകര്‍ തട്ടിക്കൊണ്ടപോയ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. ഒരുവര്‍ഷം മുന്‍പാണ് യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തെ ഇന്ന് തന്നെ കേരളത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അദ്ദേഹത്തിന്റെ പുതിയ ചിത്രവും ഒമാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

തട്ടിക്കൊണ്ടുപോയ ശേഷം അദ്ദേഹം തന്നെ നേരിട്ട് തന്റെ മോചനം ആവശ്യപ്പെട്ട് രണ്ട് തവണ വീഡിയോസന്ദേശം അയച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരും ക്രിസ്തീയ സഭകളും രംഗത്തെത്തിയിട്ടും മോചനം സാധ്യമായിരുന്നില്ല. ഒടുവില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബുസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടാണ് അദ്ദേഹത്തെ ഒമാനില്‍ എത്തിച്ചത്

2016 ഏപ്രിലിലാണ് ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. യെമന്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഈ വിഷയത്തിലുള്ള ആശങ്ക സുഷമ സ്വരാജ് അറിയിച്ചിരിന്നു. തുടര്‍ന്നാണ് ഇതുവരെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫാദര്‍ ഉഴുന്നാല്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചത്. ഫാദറിന്റെ മോചനവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും യെമന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

ഈ വര്‍ഷം മേയില്‍ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലില്‍ അഭ്യര്‍ഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലില്‍, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികില്‍സ ആവശ്യമുണ്ടെന്നും വീഡിയോയിലില്‍ പറഞ്ഞിരുന്നു.

നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള  മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെട 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നേരത്തെ ബംഗല്‍രുവിലും, കര്‍ണാടകയിലെ കോളാറിലും ജോലി ചെയ്തിരുന്ന ഫാ.ടോം കോട്ടയം രാമപുരം സ്വദേശിയാണ്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്‌