പ്രവാസിയില്‍ നിന്ന് എട്ട് ലക്ഷം തട്ടിയ കേസ്: യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഡോക്ടര്‍ചമഞ്ഞ് പ്രവാസിയില്‍ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ പാരിപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊട്ടിയം തഴുത്തല ഇ ബി മന്‍സിലില്‍ ഇബി ഇബ്രാഹിം എന്ന നിയ(30), കിളിമാനൂര്‍ തട്ടത്തുമല അലവക്കോട്ട് പാപ്പാല പുത്തന്‍വീട്ടില്‍ വി ജി വിദ്യ (28), ഇടവ വെണ്‍കുളം ജി ജി എന്‍ മന്ദിരത്തില്‍ വിജയകുമാര്‍ (58) എന്നിവരെയാണ് പൊലീസ് വലയിലാക്കിയത്.
ഇ ബി ഇബ്രാഹിം പാരിപ്പള്ളിയിലെത്തി വീണ്ടും തട്ടിപ്പ് നടത്തുന്നതിനിടയിലാണ് പൊലീസിന്റെ വലയില്‍ അകപ്പെട്ടത്. സിറ്റി പൊലീസ് കമീഷണര്‍ അജിത ബീഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യയും വിജയനും പിടിയിലായത്. കാമുകി, ഭാര്യ, പരോപകാരി എന്നിങ്ങനെ നിരവധി വേഷത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ യുവാക്കളെ  വലയില്‍ വീഴ്ത്തി പണംതട്ടിയെടുത്തിട്ടുണ്ട് സംഘം.
പ്രവാസിയും പാരിപ്പള്ളി സ്വദേശിയുമായ വയോധികന്റെ പരാതിയിലാണ് ഇപ്പോള്‍ ഇബി കുടുങ്ങിയത്. പ്രവാസിയുടെ പാരിപ്പള്ളി ജങ്ഷനിലുള്ള കെട്ടിടം ഡോക്ടര്‍ എന്ന വ്യാജേന  ബ്യൂട്ടി ലേസര്‍ ട്രീറ്റ്മെന്റ് നടത്തുന്നതിനായി ഇബി ഇബ്രാഹിം വാടകയ്ക്ക് എടുത്തു. പിന്നീട് ഇയാളെ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് പലതവണകളായി എട്ട്ലക്ഷത്തോളം രൂപ ഇവര്‍ കൈക്കലാക്കി.  വിദ്യ സ്ഥാപനത്തിലെ നേഴ്സ് ആണെന്ന് ഇബി പരിചയപ്പെടുത്തി ഒരു ലക്ഷം രൂപയും കൈക്കലാക്കി. പരാതിക്കാരനെയും കൊണ്ട് പല സ്ഥലങ്ങളിലും ബിസിനസ് ആവശ്യങ്ങള്‍ക്കായി ചുറ്റിക്കറങ്ങി നിരവധി ഫോട്ടോകള്‍ എടുത്തു. തുടര്‍ന്ന് യുവതികളുമായി ഒന്നിച്ചു നില്‍ക്കുന്ന ചിത്രം കാട്ടി കുടുംബം നശിപ്പിക്കുമെന്നും സമൂഹമധ്യത്തില്‍ പ്രചരിപ്പിക്കുമെന്നും സന്ദേശം അയച്ചു.
തുടര്‍ന്ന് പ്രവാസി സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി.  ഇബി ഇബ്രാഹിമിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ,കായംകുളം , കൊല്ലം ഈസ്റ്റ് ,കോട്ടയം ഗാന്ധിനഗര്‍, വഞ്ചിയൂര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കേസ് നിലവിലുണ്ട്. ചില കേസുകളില്‍ ഇബിയുടെ അമ്മയും സഹോദരിയുമാണ് പ്രതികള്‍. വിദ്യ പേട്ട പൊലീസ്സ്റ്റേഷന്‍ പരിധിയില്‍ മോഷണ കേസിലെ പ്രതിയാണ്. തട്ടിപ്പുകേസുകളില്‍ ജയിലില്‍ കിടന്നപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. പുറത്തിറങ്ങിയ ശേഷം ഇരുവരും നിരവധി പേരെ കുടുക്കി.
ഇബി തട്ടിപ്പിലൂടെ കോടികള്‍ സ്വന്തമാക്കിയതായി പരവൂര്‍ സിഐ എസ് ഷെരീഫ് പറഞ്ഞു. നിരവധി യുവാക്കള്‍ ഇവരുടെ കെണിയില്‍ അകപ്പെട്ടെങ്കിലും ആരും പരാതിപ്പെടാന്‍ തയ്യാറായില്ലന്ന് പാരിപ്പള്ളി എസ്ഐ പി രാജേഷ് പറഞ്ഞു. ഇ ബിയുടെ വീട്ടില്‍ നിന്നും ലാപ്പ്ടോപ്പ്, പെന്‍ഡ്രൈവ് ,നിരവധി പാസ് ബുക്കുകള്‍, വലിയ അളവില്‍ സ്വര്‍ണം വാങ്ങിയ രസീതുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.
ആദ്യവിവാഹവും അതിലുള്ള കുട്ടിയുടെ കാര്യവും മറച്ചുവെച്ച് മറ്റൊരാളെ വിവാഹം കഴിച്ചു താമസിച്ചു വരികയായിരുന്നു വിദ്യ. അറസ്റ്റിലായപ്പോഴാണ് ഭര്‍തൃവീട്ടുകാര്‍ വിദ്യയുടെ ക്രിമിനല്‍ പശ്ചാത്തലവിവരങ്ങള്‍ അറിയുന്നത്.
ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദ് ,എസ്ഐ വാമദേവന്‍ ,എഎസ്ഐ ഷാജി, പൊലീസുകാരായ ബാബുലാല്‍, പ്രസന്നന്‍, നൌഷാദ്, ഷീജ, ആര്യ ,ശോഭനകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.