അറ്റ്ലാന്‍റയിൽ കലയുടെ “പൂമരം” ഒരുക്കി ഗാമ

മിനി നായർ

ഗ്രെയ്റ്റർ അറ്റ്ലാന്‍റ മലയാളി അസോസിയേഷൻ (ഗാമ) അറ്റ്ലാന്‍റാ മലയാളികൾക്കായി കലയുടെ “പൂമരം 2017” ഒരുക്കുന്നു. ഒക്ടോബർ എട്ട് ഞായറാഴ്ച ബെർക്മാർ ഹൈ സ്‌കൂളില്‍ വെച്ചാണ് ഈ മഹാഷോ  നടക്കുന്നതെന്ന് ഗാമാ പ്രസിഡന്റ് ബിജു തുരുത്തുമാലിൽ അറിയിച്ചു. ഗാമ കേരളത്തിൽ നടപ്പിലാക്കുവാൻ പോകുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് “പൂമരം 2017” അറ്റ്ലാന്‍റ മലയാളികൾക്കായി ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ സ്റ്റേജ് ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പന ഗാമയുടെ ഓണാഘോഷവേദിയിൽ ഗാമാ ട്രെഷറർ നവീൻ ജോബ് ഡോ.സുബ്രമണ്യ ഭട്ടിനും ഡോ.അന്നപൂർണ ഭട്ടിനും നൽകി നിർവഹിച്ചു.

മലയാളികളുടെ പാട്ടനുഭവങ്ങൾക്ക് പുതിയ മാനം നൽകിയ വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ഈ വർഷത്തെ എറ്റവും മികച്ച സ്റ്റേജ് ഷോ ആണ് “പൂമരം 2017” . അറ്റ്ലാന്റയിലെ മലയാളി സമൂഹത്തിന്റെ ഗതിവിഗതികളുടെ പരിച്ഛേദമായ ഗാമ സംഘടിപ്പിക്കുന്ന ഈ കലാസന്ധ്യയുടെ വിജയം ഗാമയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ വിജയം കൂടിയാണ്. അതിനാൽ അറ്റ്‌ലാന്റാ മലയാളികളുടെ മുഴുവൻ സാന്നിധ്യമാണ് പൂമരത്തിനു ഗാമ ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തന മികവ് കൊണ്ട് മലയാളികൾക്കിടയിൽ സജീവമാക്കുകയും ജനമനസിൽ സ്ഥാനം നേടുകയും ചെയ്ത ഗാമ മുപ്പത്തിയാറ് വർഷം പിന്നിടുമ്പോൾ ചാരിറ്റി പ്രവർത്തനങ്ങളിൽ ഈ സംഘടനാ കാട്ടിയ മാതൃക വളരെ ശ്രദ്ദേയമാണ് .

ഗാമാ അറ്റലാന്റയിൽ കലയുടെ പൂമരം കൊണ്ടുവരുമ്പോൾ നമ്മുടെയെല്ലാം ശ്രദ്ധ വൈക്കം വിജയലക്ഷ്മിയിലെക്കായിരിക്കും. ആദ്യം പാടിയ സിനിമാപാട്ടുകൊണ്ട് തന്നെ സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. കലാ ലോകത്ത്‌ ഗായത്രി വീണ കച്ചേരിയിലൂടെ ഇതിനോടകം ശ്രദ്ധ നേടിയ ഈ കലാകാരി കാറ്റേ കാറ്റേ എന്ന ഒറ്റ ഗാനത്തിലൂടെ ചലച്ചിത്ര പിന്നണി ഗാന ശാഖയിലും തന്റെ കഴിവ് തെളിയിച്ചു. തുടർന്ന് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിൽ വരെ പാടി ഇന്ത്യൻ കലാസ്നേഹികളുടെ മനസിലെ മണിമുത്തായി മാറി

വിജയലക്ഷ്മി സ്വന്തമായി വികസിപ്പിചെടുത്ത ‘ഗായത്രി വീണ കച്ചേരി’ എന്ന പ്രത്യേക കച്ചേരി കേരളത്തിന്‌ അകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട് . സംഗീതത്തില്‍ ഇനിയും കാര്യങ്ങള്‍ ചെയ്യേണ്ട വിജയലക്ഷ്മി ഇനിയും ഉയരങ്ങള്‍ താണ്ടുവാന്‍ സാധിക്കട്ടെ എന്ന് നമുക്ക് ജഗദീശ്വരനോട് പ്രാര്ഥിക്കുവാനുള്ള അവസരം കൂടിയാണ് ഗാമ ആറ്ലാന്റാ മലയാളികൾക്കായി ഒരുക്കുന്നത്.

ജീവിതത്തിലെ വലിയ പ്രതിസന്ധികളിൽ കൂടി കടന്നുവന്ന മറ്റൊരു കലാകാരനായ രാജേഷ് ചേർത്തലയും സംഗീതത്തിൽ വിസ്മയം തീർക്കുവാനാണ് അമേരിക്കയിൽ എത്തുന്നത്. പുല്ലാങ്കുഴലിൽ വിസ്മയം തീർക്കുന്ന ഈ അതുല്യ കലാകാരൻ ജീവിതത്തിൽ അനുഭവിച്ച പ്രതിസന്ധികള്‍ ഏതൊരു കലാകാരന്റെയും തീവ്രമായ അനുഭവങ്ങളും കരുത്തുമാണെന്ന് രാജേഷിന്റെ ജീവിതവും സാക്ഷ്യപ്പെടുത്തുന്നു. പുല്ലാങ്കുഴൽ നാദത്തെ ചുരുങ്ങിയ കാലം കൊണ്ട് ജനകീയനാക്കിയ രാജേഷ് അറ്റ്ലാന്റ്റാ മലയാളികൾക്കായി തീർക്കുന്ന സംഗീതത്തിന്റെ പുതു വസന്തം ആയിരിക്കും .

മലയാള ചലച്ചിത്ര രംഗത്തിനു ലാൽ ജോസ് സംഭാവന ചെയ്ത അനുഗ്രഹീത നടി അനുശ്രീ ഈ ഷോയുടെ മുഖ്യ ആകർഷണമാണ്.സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ നിരവധി മലയാള സിനിമകളിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം ,ഒപ്പം, എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്. അനുശ്രീ മികച്ച ഒരു നർത്തകി കൂടി ആണെന്ന് തെളിയിക്കുന്ന ഷോ കൂടിയാണ് പൂമരം .

“മുത്തേ പൊന്നെ പിണങ്ങല്ലേ “എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസു കീഴടക്കിയ നടനും ഗായകനുമായ അരിസ്റ്റോ സുരേഷ് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, കോമഡി സ്കിറ്റുകളുടെ രാജാവ് അബി യും സംഘവും അവതരിപ്പിക്കുന്ന സൂപ്പർ സ്കിറ്റ് ആൻഡ് കോമഡി ഷോ, ഇവരെ കൂടാതെ നടൻ അനൂപ് ചന്ദ്രൻ , തുടങ്ങി വന്‍താരസംഘമാണ് ആണ് ഈ ഷോയിൽ അണിനിരക്കുന്നു.

കണ്ടു ശീലിച്ച സംഗീതപരിപാടികൾ, സ്‌കിറ്റുകൾ തുടങ്ങിയവയിൽ നിന്ന് വളരെ വ്യത്യസ്തമായി പുതുമയുള്ള നിരവധി കലാപരിപാടികളുമായാണ് നമ്മുടെ വൈക്കം വിജയലക്ഷ്മിയും സംഘവും എത്തുക. നമുക്ക് പൂമരത്തെ നന്മയുടെ മനസ്സോടെ സ്വാഗതം ചെയ്യാം. അറ്ലാന്റാ മലയാളികൾ ഇത് ഒരു കുടുംബ സംഗമം ആയി കണക്കിലെടുത്ത് പൂമരത്തെ വൻ വിജയം ആക്കണമെന്ന് കമ്മിറ്റി അംഗങ്ങള്‍ അഭ്യർത്ഥിച്ചു.