ജാമ്യമില്ല; ദിലീപ് ജയിലില്‍ തന്നെ

    നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളി. ആദ്യം അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യം തള്ളിയതിനെ തുടർന്നു ദിലീപ് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയുടെ കനിവു തേടിയെത്തിയത്.

    എന്നാൽ കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നുമുള്ള പ്രോസിക്യൂഷൻ നിലപാട് അങ്കമാലി മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

    നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു പൊലീസ് ഉന്നയിച്ചതെന്നും അതിൽ അന്വേഷണം പൂർത്തിയായെന്നും ദിലീപ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 10 വർഷത്തിൽ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാൽ 65 ദിവസങ്ങളായി റിമാൻഡിൽ കഴിയുന്ന പ്രതിക്കു ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം വാദം.

    ഇരയുടെ അഭിമാനം സംരക്ഷിക്കുന്നതിനും പ്രോസിക്യൂഷന്റെ കൈവശമുള്ള രഹസ്യസ്വഭാവമുള്ള രേഖകൾ പുറത്താകാതിരിക്കാനും അടച്ചിട്ട മുറിയിലാണു കേസിന്റെ വാദം നടന്നത്. ഒന്നര മണിക്കൂറോളം ഹർജിയിൽ വാദം നീണ്ടു. ഇരു ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി, വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെ സുപ്രീംകോടതിയിലെ ഒരു അഭിഭാഷകൻ അങ്കമാലി കോടതിയിൽ കുറച്ചുനേരം തങ്ങിയ ശേഷം മടങ്ങിയിരുന്നു.

    നടിയുടെ അശ്ളീലചിത്രം പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കുറ്റമാണ് തനിക്കെതിരെ പ്രോസിക്യൂഷൻ ആരോപിക്കുന്നതെന്നും ഇത് പത്തുവർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ സ്വാഭാവികജാമ്യം ലഭിക്കണമെന്നുമാണ് ദിലീപിന്റെ ഹർജിയിൽ പറയുന്നത്. എന്നാൽ ഇത് പ്രോസിക്യൂഷൻ അംഗീകരിച്ചില്ല.

    ദിലീപിന് ജാമ്യം കൊടുത്താല്‍ കേസില്‍ തെളിവ് നശിപ്പിക്കപ്പെടുമെന്നാണ് പ്രോസിക്യൂഷന്‍ കോടതയില്‍ അവകാശപ്പെട്ടിരുന്നത്. അതിനിടെ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയല്‍ മാറ്റിവെച്ചു. കൂടാതെ കാവ്യാമാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പറയുന്നുണ്ട്.

    ഈ മാസം 14 നാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ ഇതേകോടതി ഒരു തവണയും തുടര്‍ന്ന് ഹൈക്കോടതി രണ്ട് തവണയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു. തനിക്ക് സോപാധിക ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.

    ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. രേഖാമൂലം നല്‍കിയ മറുപടിയിലാണ് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കേസ് ഡയറി അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ രേഖാമൂലം കോടതിയില്‍ മറുപടി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ വ്യക്തമാക്കി.

    അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ സമീപിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയെ തുടര്‍ന്ന് കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കേസില്‍ തന്നെ കുടുക്കാന്‍ മനപ്പൂര്‍വ്വം ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കാവ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

    കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. കേസുമായി ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണ്. പൊലീസ് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. ഹര്‍ജിയില്‍ ആരോപിക്കുന്നു.

    പള്‍സര്‍ സുനിയെ തനിക്കോ ദിലീപിനോ അറിയില്ല. പള്‍സര്‍ സുനിയെന്ന പേര് മുമ്പ് കേട്ടിട്ടില്ല. ഇയാളെ നേരത്തെ കണ്ടിട്ടുമില്ല. കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായി ആശങ്കയുണ്ട്. തന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തി അമ്മയേയും സഹോദരെയും പൊലീസ് ഭീഷണിപ്പെടുത്തി. ഹര്‍ജിയില്‍ പറയുന്നു.