യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി

തിരുവനന്തപുരം: ഈ നവരാത്രി കാലത്ത് ശ്രീപദ്മനാഭനെ തൊഴാൻ ഗാനഗന്ധർവ്വൻ യേശുദാസ‌ിന് അനുമതി. ശുഭ കാര്യങ്ങൾക്ക് ഹരിഃ ശ്രീ കുറിക്കുന്ന വിജയദശമി ദിനമായ 30 ന് യേശുദാസിന് ക്ഷേത്രദർശനം നടത്താൻ ഇന്ന് ചേർന്ന ഭരണസമിതിയാണ് അനുമതി കൊടുത്തത്.

ശ്രീപദ്മനാഭനെ തൊഴാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് യേശുദാസ് ക്ഷേത്രം ചീഫ് എക്സിക്യൂട്ടിവ് ഓഫീസർക്ക് കത്തയച്ചിരുന്നു. എക്സിക്യൂട്ടിവ് ഓഫീസർ വി. രതീഷ് കത്ത് ക്ഷേത്രം ഭരണസമിതിക്ക് മുന്നിൽ വച്ചു. ക്ഷേത്രാചാരങ്ങൾ പാലിക്കുന്ന ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതിക്കൊടുക്കുകയും, ഹിന്ദുമത വിശ്വാസിയാണെന്ന മറ്റൊരാളുടെ സാക്ഷ്യപത്രം കാണിക്കുകയും ചെയ്താൽ ക്ഷേത്ര പ്രവേശനമാവാമെന്നാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കീഴ്‌വഴക്കം. യേശുദാസായതിനാൽ മറ്റൊരാളുടെ സാക്ഷ്യപത്രം ആവശ്യമില്ല. ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതി നൽകിയാൽ മാത്രം മതിയെന്നായിരുന്നു ഭരണസമിതിയുടെ തീരുമാനം. യേശുദാസ് അങ്ങനെ എഴുതി നൽകിയതോടെ അദ്ദേഹത്തിന് ക്ഷേത്ര പ്രവേശനത്തിന് അനുമതിയായി.

1952ലെ ദേവസം ബോർഡ് ഉത്തരവു പ്രകാരം, അന്യമതത്തിൽ ജനിച്ച ഭക്തർക്ക് ബോർഡിന്റെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതി നൽകിയാൽ മാത്രം മതി.