കുറ്റപത്രം ഒക്ടോബര്‍ 8ന്; ദിലീപിനെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍

യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ഏഴിനുമുൻപ് സമർപ്പിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമതിക്കൊണ്ടുള്ള കുറ്റപത്രമായിരിക്കും സമർപ്പിക്കുക. കുറ്റപത്രം സമർപ്പിച്ചാലും ദിലീപിനെതിരായ അന്വേഷണം തുടരും. ഇക്കാര്യം കുറ്റപത്രത്തിൽ വ്യക്തമാക്കും. കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണ്‍ കിട്ടാത്തതിനാലാണ് ദിലീപിനെതിരെ അന്വേഷണം തുടരുന്നത്.

അതെ സമയം ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഇന്നലെ ഹൈക്കോടതി 26ലേക്ക് മാറ്റിയിരുന്നു. കേസിന്റെ സാഹചര്യത്തില്‍ മാറ്റമൊന്നുമുണ്ടാകാത്ത പക്ഷം എന്തിന് ജാമ്യാപേക്ഷയുമായി ഇപ്പോള്‍ വീണ്ടും വന്നു എന്നായിരുന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ചോദ്യം. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കാവ്യയേയും നാദിര്‍ഷയേയും ചോദ്യം ചെയ്യാനുണ്ടെന്നും കോടതി അറിയിച്ചു.

മുമ്പ് ജാമ്യം തള്ളിയ അതേ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും കോടതി വാക്കാല്‍ പരാമര്‍ശിക്കുകയുണ്ടായി.ഇതിനിടെ ദിലീപിന്റെ അഭിഭാഷകരുടെ വാദം കോടതി കേട്ടില്ല. ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചെങ്കിലും ജാമ്യാപേക്ഷയില്‍ മറുപടി പറയാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 26 ന് ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ മറുപടി അറിയിക്കും.