പോലീസുകാരെ നിലത്തിട്ടടിച്ച് എസ്എഫ്‌ഐ; ഒതുക്കി തീര്‍ക്കാനുള്ള ശ്രമം പാളി, സിസിടിവി ചതിച്ചു

തൊടുപുഴ പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസിനെ എസ്എഫ്ഐക്കാർ കയ്യേറ്റം ചെയ്ത സംഭവത്തിൽ എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി എം.എസ്. ശരത്തിനെ ഒന്നാം പ്രതിയാക്കി തൊടുപുഴ പൊലീസ് കേസെടുത്തു. ജോലി തടസപ്പെടുത്തൽ, സംഘർഷം തടയാനെത്തിയ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. ആകെ ഒൻപതു പേരെ പ്രതികളാക്കിയാണു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. മറ്റു പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്നു പൊലീസ്. മർദനമേറ്റ പൊലീസുകാരൻ അക്രമത്തെക്കുറിച്ച് ഇന്നു രാവിലെ തൊടുപുഴ ഡിവൈഎസ്പിക്കു മൊഴി നൽകിയിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

എഎസ്ഐ ഉൾപ്പെടെ രണ്ട് പൊലീസുദ്യോഗസ്ഥരെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മർദിച്ചത്. സ്റ്റേഷനു മുന്നിൽ നടന്ന സംഘർഷം തടയാന്‍ എത്തിയപ്പോളായിരുന്നു ആക്രമണം. പൊലീസുകാരെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.

രാത്രി എട്ടേമുക്കാലോടെ തൊടുപുഴ പൊലീസ് സ്റ്റേഷന്റെ മുന്നിലായിരുന്നു സംഭവം. തൊടുപുഴയിലെ പാരലൽ കോളജിലെ വിദ്യാർഥികളെ ഇരുപതിലേറെ എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചു. എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി എം.എസ്. ശരത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

സിസിടിവിയിൽ സംഘർഷം കണ്ട എഎസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ സ്റ്റേഷനിൽ നിന്ന് ഓടിയിറങ്ങി. പ്രവർത്തകരെ പിരിച്ചുവിടാൻ ലാത്തിവീശി. പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകരുടെ പരാക്രമം ഇതോടെ പൊലീസുകാർക്ക് നേരെയായി. അസഭ്യവർഷം നടത്തി എഎസ്ഐയെയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും കയ്യേറ്റം ചെയ്തു. പാഞ്ഞു വന്ന ബൈക്കിന് മുന്നിലേക്ക് തെറിച്ചു വീണ പൊലീസുകാരൻ തലനാരിഴയ്്ക്കാണ് രക്ഷപ്പെട്ടത്.

കൂടുതൽ പൊലീസുകാരെത്തിയതോടെ എസ്എഫ്ഐ പ്രവർത്തകർ സ്ഥലം വിട്ടു. പൊലീസുകാർക്ക് മർദനമേറ്റിട്ടില്ലെന്നായിരുന്നു തൊടുപുഴ പൊലീസിന്റെ ആദ്യ പ്രതികരണം. പൊലീസുകാർ തല്ലുകൊള്ളരുതെന്ന് ഹൈക്കോടതി പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് പൊലീസുകാർക്ക് നേരെയുള്ള ആക്രമണം.