പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യാനെത്തിയ 8 അറബികള്‍ പിടിയില്‍

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെത്തിയ എട്ട് അറബി ഷൈഖുമാരെ ഹൈദരാബാദില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ഇത്തരം വിവാഹങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഗസ്റ്റ് ഹൗസുകളില്‍ നിന്ന് അഞ്ച് ഒമാനികളെയും മൂന്ന് ഖത്തര്‍ സ്വദേശികളെയും പിടികൂടിയത്. ഇതില്‍ രണ്ട് പേര്‍ 80 കഴിഞ്ഞ് നടക്കാന്‍ പോലും ബുദ്ധിമുട്ടുന്നവരാണെന്നും പൊലീസ് പറഞ്ഞു.

വിവാഹം കഴിക്കുന്നതിന് മുമ്ബുള്ള അഭിമുഖത്തിനായി എത്തിച്ച ഇരുപതോളം പെണ്‍കുട്ടികളെയും ഇവര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ നിന്നും കണ്ടെത്തിയെന്നും പൊലീസ് കമ്മീഷണര്‍ എം.മഹേന്ദര്‍ റെഡ്ഡി പറഞ്ഞു. ഇത്തരം വിവാഹങ്ങള്‍ക്ക് സാക്ഷ്യപത്രം നല്‍കിയിരുന്ന മുംബയിലെ ഖാസി ഫരീദ് അഹമ്മദ് ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഓരോ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും 50,000 രൂപ കൈക്കൂലി വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉപഖാസിമാരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി ഗസ്റ്റ്ഹൗസുകളും പൊലീസ് അടച്ചുപൂട്ടി.

കഴിഞ്ഞ മാസം 17ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഒരു ഒമാന്‍ പൗരന്‍ അറസ്റ്റിലായതോടെയാണ് ഇത്തരം സംഭവങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഹൈദരാബാദ് വിമാനത്താവളം വഴി എത്തുന്ന അറബ് വംശജരെ പൊലീസ് നിരീക്ഷിച്ച്‌ വരികയായിരുന്നു.ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം കര്‍ശനമാക്കി.പിന്നീട് ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി ഗസ്റ്റ് ഹൗസിലെത്തുമ്ബോള്‍ ഇവിടെ 15 വയസുകാരിയും 70 വയസുകാരന്‍ ഒമാനി പൗരനുമായുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. അറബികള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച്‌ നല്‍കുന്ന ഏജന്റുമാരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ