ഫാ.ടോം ഉഴുന്നാലിൽ മോദിയെ കാണാൻ അടുത്ത വ്യാഴാഴ്‌ചയെത്തും

ന്യൂഡൽഹി: യെമനിലെ ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിൽ ഈ മാസം 28ന് പുലർച്ചെ ഡൽഹിയിലെത്തും. തുടർന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരെ കാണും. അടുത്ത ദിവസം ബംഗളൂരുവിലെ സെലേഷ്യൽ സഭ ആസ്ഥാനത്ത് എത്തുന്ന അദ്ദേഹം അവിടെ പ്രത്യേക പ്രാർത്ഥനാ യോഗങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കും. ഇവിടെ രണ്ട് ദിവസം തങ്ങിയ ശേഷം ഒക്‌ടോബർ ഒന്നിന് കേരളത്തിലെത്തും.

യെമനിലെ ഏദനിൽ നിന്ന് ഒന്നര വർഷം മുൻപ് ഐസിസ് ഭീകരർ തട്ടിക്കൊണ്ടുപോയി തടങ്കലിലിട്ടിരുന്ന ഫാദറിനെ വത്തിക്കാന്റെ ഇടപെടലിനെ തുടർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സായിദിന്റെ സഹായത്തോടെയാണ് മോചിപ്പിച്ചത്. ഭീകരരുടെ പിടിയിൽ നിന്നും മോചിതനായ ഫാദർ ചികിത്സകൾക്കും മറ്റുമായി വത്തിക്കാനിലെ സെലേഷ്യൻ സഭയിലെ ആസ്ഥാനത്ത് കഴിയുകയായിരുന്നു.