ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍ സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ആര്‍.എസ്.എസ് ശ്രമം-പിണറായി

Chennai: Chief Minister of Kerala Pinarayi Vijayan and DMK working president MK Stalin at a conference on "State Autonomy", in Chennai on Thursday. PTI Photo by R Senthil Kumar (PTI9_21_2017_000195B)

ചെന്നൈ: വിവിധ മതവിശ്വാസവും സംസ്‌കാരവും ഭാഷയും നിലനില്‍ക്കുന്ന രാജ്യത്ത് ‘ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍’ എന്ന ഒറ്റ സംസ്‌കാരം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടേതായ ചില കാര്യങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ദുര്‍ബലമാക്കാനാണ് ആര്‍.എസ്.എസ് സംഘപരിവാര്‍ അജന്‍ഡ. ഇതിന് ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.

ചെന്നൈയില്‍ വിടുതലൈ ചിരുത്തൈഗള്‍ കക്ഷി(വി.സി.കെ) സംഘടിപ്പിച്ച സ്റ്റേറ്റ് ഓട്ടോണമി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

രാജ്യത്തെ ദുര്‍ബലപ്പെടുത്തുക എന്നതാണ് ആര്‍.എസ്.എസ് ലക്ഷ്യം. അതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ ഫെഡറല്‍ ഭരണത്തില്‍ കൈകടത്താന്‍ ശ്രമിക്കുന്നതും ഹിന്ദു,ഹിന്ദി,ഹിന്ദുസ്ഥാന്‍ ഘടന അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു.

ഇന്ത്യ വിവധ മതങ്ങളും ഭാഷകളും സംസ്‌കാരവും ഉള്‍പ്പെടുന്നതാണെന്ന് അംഗീകരിക്കാന്‍ ആര്‍.എസ്.എസ് തയ്യാറാവുന്നില്ല. ഒരേപോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ പോലും പല വിശ്വാസവും സംസ്‌കാരവും ശീലിച്ച് പോന്നവരായിരിക്കും. ഇത് അംഗീകരിക്കാതെ തങ്ങള്‍ നിര്‍ദേശിക്കുന്ന ഒറ്റ സംസ്‌കാരം അടിച്ചേല്‍പിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കോണ്‍ഗ്രസാണ് ഇങ്ങനെയൊരു സംസ്‌കാരത്തിന് ആദ്യം തുടക്കം കുറിച്ചത്. ബി.ജെ.പി അതിന്റെ അതിര്‍വരമ്പുകള്‍ നീട്ടി വരച്ചു. 1959 ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ച് വിട്ടത് അതിന് ഉദാഹരമാണ്. ഭരണ ഘടനയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് വേണ്ടത്. ഫെഡറിലസത്തെ ശക്തിപ്പെടുത്തണമെന്നും കേന്ദ്ര സംസ്ഥാന ബന്ധം കൂടുതല്‍ ഫലവത്താക്കണമെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.