ഭൂകമ്പത്തില്‍ അപകടത്തില്‍പ്പെട്ട 52 പേരെ രക്ഷപ്പെടുത്തിയ ഫ്രിഡ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ മിന്നുംതാരം

മെക്‌സിക്കോ സിറ്റി: ഫ്രിഡ എന്ന നായക്ക് സൂപ്പര്‍ ഹീറോയുടെ പരിവേഷമാണ് മെക്‌സിക്കോയില്‍. ഇതിനൊരു കാരണവുമുണ്ട്. വ്യത്യസ്ത ദുരന്തങ്ങളില്‍പെട്ട 52 പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഇതുവരെ ഫ്രിഡ സഹായിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമം ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മെക്‌സിക്കന്‍ നാവികസേനയുടെ ശ്വാനസേനയിലെ അംഗമാണ് ലാബ്രഡോര്‍ ഇനത്തില്‍പെട്ട ഫ്രിഡ. ആറുവയസ്സാണ് ഇവളുടെ പ്രായം. ദക്ഷിണ മെക്‌സിക്കോയിലെ ഒക്‌സക്കയില്‍ ഈ മാസം ആദ്യമുണ്ടായ ഭൂകമ്പത്തില്‍പെട്ട 12 പേരെയാണ് ഫ്രിഡ ഉള്‍പ്പെട്ട സംഘം രക്ഷപ്പെടുത്തിയത്. ഇക്കഴിഞ്ഞദിവസം മെക്‌സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഫ്രിഡ.

സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ഫ്രീഡ താരമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നാണ് ഫ്രിഡയ്ക്ക് അഭിനന്ദനങ്ങള്‍ എത്തുന്നത്. ഫ്രിഡയുടെ സേവനങ്ങളെ അഭിനന്ദിച്ച് മെക്‌സിക്കന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തിരുന്നു. മധ്യ അമേരിക്കയിലെയും വടക്കന്‍ അമേരിക്കയിലെയും പല ദുരന്ത സ്ഥലങ്ങളിലും ഫ്രിഡ സേവനം അനുഷ്ഠിച്ചിട്ടുള്ളതായി ബസ്ഫീഡ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊടി, പുക തുടങ്ങിയവയില്‍നിന്ന് രക്ഷപ്പെടാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത കണ്ണടയും കടുപ്പമുള്ള സ്ഥലത്തു കൂടി സഞ്ചരിക്കാനും നിലം കുഴിക്കാനും സഹായകമാകുന്ന ഷൂസും ധരിച്ചാണ് ഫ്രിഡയുടെ സഞ്ചാരം. രണ്ടാം വയസ്സു മുതല്‍ ഫ്രിഡയ്ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിലാണ് ഫ്രിഡ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളത്. ഹോണ്ടുറാസ്, ഇക്വഡോര്‍, ഹെയ്തി എന്നിവിടങ്ങളിലെ രക്ഷാദൗത്യങ്ങളിലും ഫ്രിഡ പങ്കെടുത്തിട്ടുണ്ട്.