മോഹന്‍ലാലിന്റെ സാരോപദേശങ്ങള്‍; ക്യൂ നില്‍ക്കുന്നത് രാജ്യത്തിനുവേണ്ടിയെന്ന് ലാലേട്ടന്‍

നികുതി അടയ്ക്കാതെ പിഴ അടച്ച, ആനക്കൊമ്പ് കേസില്‍ കുടുങ്ങിയ മോഹന്‍ലാല്‍ നോട്ട് അസാധുവാക്കലിനെ ന്യായീകരിക്കുന്നു

തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനാല്‍ പിഴ അടയ്ക്കുകയും ആനക്കൊമ്പ് കൈവശം വച്ചതിന് കോടതി കയറാനൊരുങ്ങുകയും ചെയ്യുന്ന നടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കലിനെ പിന്തുണച്ചു. എല്ലാ മാസവും എഴുതുന്ന തന്റെ ബ്ളോഗിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആരാധനാലയങ്ങള്‍ക്കും സിനിമാ ശാലകള്‍ക്കും മദ്യഷോപ്പുകള്‍ക്കും മുന്നില്‍ ശാന്തരായി ക്യൂ നില്‍ക്കുന്നത് പോലെ നോട്ട് മാറാനും എടുക്കാനും ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്ക് മുന്നിലും ക്യൂ നില്‍ക്കണമെന്നാണ് താരത്തിന്റെ ഉപദേശം. പ്രതിഫലത്തിന്റെ നികുതി വരെ നിര്‍മാതാവിനെ കൊണ്ട് അടപ്പിക്കുന്ന താരത്തിന്റെ ഈ മാസത്തെ ഉപദേശത്തിന് യാതൊരു സത്യസന്ധതയുമില്ലെന്ന് ചില സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

ഇതുവരെ ആശുപത്രികളിലോ, ബാങ്കിലോ, പോട്ടെ ഏതെങ്കിലും ഹോട്ടലില്‍ ഭക്ഷണത്തിന് പോലും ക്യൂ നില്‍ക്കാത്ത താരം ബ്ളോഗ് പോസ്റ്റ് ചെയ്തതിന് പിന്നാലെ ട്രോളുകള്‍ ഇറങ്ങി. എന്നാല്‍ ആവശ്യം വന്നാല്‍ താന്‍ ക്യൂ നില്‍ക്കുമെന്ന് താരം ബ്ളോഗിലെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. രാജസ്ഥാനില്‍ മേജര്‍ രവിയുടെ സിനിമയുടെ ചിത്രീകരണത്തിലാണ് താരം. നോട്ട് അസാധുവാക്കല്‍ ഷൂട്ടിംഗിനെ ബാധിച്ചിട്ടുണ്ട്. അതുപോലെ താനുമായി ബന്ധപ്പെട്ട വേറെ പല മേഖലകളെയും എന്നാല്‍ എല്ലാം രാജ്യത്തിന് വേണ്ടി, രാജ്യനന്‍മയ്ക്ക് വേണ്ടി സഹിക്കുകയാണെന്നും ‘ സത്യത്തിന്റെ ഇന്ത്യയ്ക്ക് വേണ്ടി’ എന്ന തലക്കെട്ടിലെഴുതിയ ബ്ളോഗില്‍ പറയുന്നു.

‘നോട്ട് അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേട്ടു. യഥാര്‍ത്ഥത്തില്‍, ആത്മാര്‍ത്ഥമായി നത്തിയ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെയായിരുന്നു ആ പ്രസംഗവും. അതിന് ശേഷം നടന്ന സംഭവങ്ങളും. ഏറ്റവും സൂക്ഷ്മമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകള്‍ ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്നും താരം എഴുതുന്നു. ആനക്കൊമ്പ് കൈവശം വച്ച കേസില്‍, ആഴ്ചകള്‍ക്ക് മുമ്പ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ കൊമ്പ് കൈവശം വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തനിക്ക് അനുമതി നല്‍കിയെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതിന്റെ നന്ദി താരം കാണിച്ചു എന്ന് ഈ കുറിപ്പ് വായിക്കുമ്പോള്‍ മനസിലാകും.